News - 2024
മംഗോളിയ സന്ദര്‍ശിക്കും: ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഏഷ്യയിലേക്ക്
പ്രവാചകശബ്ദം 16-04-2023 - Sunday
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്‌ട്ര യാത്രകൾക്കായി മാർപാപ്പയുടെ വിമാനം ക്രമീകരിക്കുന്ന ഇറ്റാലിയൻ എയർലൈൻ കമ്പനിയിലെ ജീവനക്കാരോട് സംസാരിച്ച മാർപാപ്പ, വരും മാസങ്ങളിൽ ഹംഗറിയിലേക്കും ഫ്രാൻസിലേക്കും നിശ്ചയിച്ചിരിക്കുന്ന ചെയ്‌ത യാത്രകൾക്ക് ശേഷം മംഗോളിയയിലേക്ക് പോകുമെന്ന് പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, ദൈവം അനുവദിക്കുമെങ്കില്‍ തന്റെ 41-ാമത്തെ തീർത്ഥാടനത്തിനായി ഹംഗറി സന്ദർശിക്കാൻ പോകും. തുടർന്ന് മാർസെയ്‌ലിയും പിന്നീട് മംഗോളിയയിലും സന്ദര്‍ശനം നടത്തുമെന്ന് ഏപ്രിൽ 14 ന് പാപ്പ പറഞ്ഞു.
സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ ചൈനയുമായി 2,880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പയ്ക്ക് സ്വന്തമാകും. മുപ്പതു ലക്ഷം ജനസംഖ്യയുള്ള മംഗോളിയയിൽ ഏകദേശം 1,300 കത്തോലിക്കര്‍ മാത്രമാണുള്ളത്. 1922-ൽ ആയിരുന്നു മംഗോളിയയിലേക്കുള്ള ആദ്യത്തെ മിഷന്‍ ദൗത്യം. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷനാണ് സുവിശേഷ ദൌത്യവുമായി രാജ്യത്തെത്തിയത്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കീഴിൽ, 1992 വരെ വിശ്വാസം അടിച്ചമർത്തപ്പെട്ടു. 2016-ൽ ആണ് മംഗോളിയയിലെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്.