News - 2024

ക്രിസ്തു വര്‍ഷം 2025: ജൂബിലി ആഘോഷത്തിന് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി

പ്രവാചകശബ്ദം 24-04-2023 - Monday

വത്തിക്കാന്‍ സിറ്റി: 2025-ൽ സാർവ്വത്രിക സഭയുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള സഹകരണത്തിന് ഇരുകൂട്ടരും പരസ്പരം നന്ദിയർപ്പിക്കുകയും റോമിനും ഇറ്റലിക്കും ആത്മീയവും സാംസ്കാരികവുമായ സംഭാവനകൾ ജൂബിലി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പരിശുദ്ധ സിംഹാസത്തിന്റെ മാധ്യമകാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറഞ്ഞു. ജൂബിലിയുടെ അവസരത്തിൽ റോമ നഗരത്തിലെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ഉചിതമായ വരവേല്‍പ്പ് നൽകുവാനായി നടത്തുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ തീരുമാനമായി.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയോ മെലോണി നയിച്ച പ്രതിനിധി സംഘത്തിൽ വിവിധ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരും, ലാന്‍സിയോ പ്രവിശ്യയുടെ തലവനും, റോമിലെ മേയറും ജൂബിലിക്കായുള്ള പ്രത്യേക കമ്മീഷണറും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വത്തിക്കാന്‍ പ്രതിനിധി സംഘത്തെ നയിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, വത്തിക്കാൻ സ്റ്റേറ്റ് ഗവർണ്ണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി, അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള വകുപ്പിന്റെ ഡയറക്ടർ, സുരക്ഷ സംവിധാനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

കാലഘട്ടത്തെ രണ്ടായി വിഭജിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓരോ കാല്‍ നൂറ്റാണ്ടിനും അതീവ പ്രാധാന്യമാണ് തിരുസഭ നല്‍കി വരുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് തിരുസഭയില്‍ പ്രത്യേകമാംവിധം ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്തു ഇന്നലെ, ഇന്ന്‍, എന്നെന്നേക്കും എന്ന പ്രമേയവുമായി 2000-ത്തിലാണ് അവസാന ജൂബിലി വര്‍ഷം ആചരണം നടന്നത്. 2024- വിശുദ്ധ വര്‍ഷാഘോഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാര്‍ത്ഥനക്കും വേണ്ടിയുള്ള വര്‍ഷമായി വത്തിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്നതാണ് 2025 ജൂബിലി വര്‍ഷത്തെ മുഖ്യ പ്രമേയം.


Related Articles »