News
ഈസ്റ്റര്‍ സ്‌ഫോടനം: മാനസികാഘാതത്തില്‍ നിന്നും മോചിതരാകാത്ത അനേകര്‍ക്ക് സാന്ത്വനമായി കത്തോലിക്ക സന്യാസിനികള്‍
പ്രവാചകശബ്ദം 26-04-2023 - Wednesday
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ഇരുനൂറ്റിഎഴുപതിലേറെ പേരുടെ ജീവനെടുത്ത ബോംബാക്രമണങ്ങളുടെ ഞെട്ടലില്‍ നിന്നും മോചിതരാവാത്ത ആളുകള്‍ക്കിടയില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന മനഃശാസ്ത്രപരമായ സേവനങ്ങള്‍ അനേകര്‍ക്ക് സാന്ത്വനമാകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും ആക്രമണങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് ഇനിയും മാനസികാഘാതത്തില്‍ നിന്നും, പ്രിയപ്പെട്ടവരുടെ അകാല വേര്‍പ്പാടിലുള്ള ദുഃഖത്തിലും നിന്നു മോചിതരാകുവാന്‍ കഴിയാതെ ജീവിക്കുന്നത്. ഇത്തരത്തിലുള്ളവരെ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ളവ വഴി സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാന്‍ കൊളംബോയിലെയും, തെക്കന്‍ ശ്രീലങ്കയിലെയും ഇരുപതിലേറെ സന്യാസ സമൂഹങ്ങളില്‍ നിന്നായി ഇരുനൂറോളം കന്യാസ്ത്രീകളുടെ ശ്രംഖല കര്‍മ്മനിരതരാണ്.
ഏതാണ്ട് ആയിരത്തിഅറുനൂറോളം കുടുംബങ്ങളെ ഒരു കുടുംബമെന്ന നിലയില്‍ ഒരുമയോടെ കൊണ്ടുപോകുവാന്‍ ഈ സന്യാസിനികള്‍ ഏറെ കഷ്ടപ്പെടുകയാണെന്നു ആക്രമണം നടന്ന ദേവാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ വികാരിയായ ഫാ. മഞ്ചുള നിരോഷന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. ഓരോ കുടുംബത്തിനും ഓരോ കന്യാസ്ത്രീയെ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ പ്രൊഫഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായവും ലഭ്യമാക്കുന്നുണ്ട്. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്ന സ്ഫോടനത്തില്‍ തന്റെ ഭര്‍ത്താവിനെയും, രണ്ട് പെണ്‍മക്കളെയും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ നിന്നും മോചിതയാകുവാന്‍ തന്നെ സഹായിച്ചത് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്വല്‍ ഹെല്‍പ് സമൂഹാംഗമായ സിസ്റ്റര്‍ മനോരഞ്ചി മൂര്‍ത്തിയുടെ ഇടപെടലാണെന്ന് നാല്‍പ്പത്തിയെട്ടു വയസ്സുള്ള നിരഞ്ചലി പറയുന്നു.
അന്നത്തെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് നിരഞ്ചലി രക്ഷപ്പെട്ടത്. താന്‍ നിരഞ്ചലിയെ കാണുമ്പോള്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനോ സ്വയം ശ്രദ്ധിക്കുന്നതിനോ പറ്റുന്ന മാനസികാവസ്ഥയില്‍ അല്ലായിരുന്നുവെന്നു സിസ്റ്റര്‍ മൂര്‍ത്തി സ്മരിച്ചു. അടുത്തിടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ കഷ്ടപ്പെടുന്നവരുടെ ഒരു സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ഒരു ലക്ഷം യൂറോയാണ് പാപ്പ കൊളംബോ ആക്രമണത്തെ അതിജീവിച്ച കുടുംബങ്ങളുടെ സഹായത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ 3 ദേവാലയങ്ങളിലും, 3 ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളില്‍ അന്‍പതിലധികം കുട്ടികള്‍ ഉള്‍പ്പെടെ 272 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കന്‍ ജനസംഖ്യയുടെ 7% ത്തോളം ക്രിസ്ത്യാനികളാണ്.