India - 2024

വിപുലമായ ജനക്ഷേമ പദ്ധതികളോടെ മാനന്തവാടി രൂപത സുവർണ്ണജൂബിലി സമാപനം നാളെ

പ്രവാചകശബ്ദം 30-04-2023 - Sunday

മാനന്തവാടി: മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയനേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 50 വര്‍ഷം. 1953-ല്‍ മലബാറിലെ സുറിയാനി ക്രൈസ്തവര്‍ക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിക്കപ്പെടുന്നത് 1973 മാര്‍ച്ച് 1-നാണ്. പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ ക്വാന്ത ഗ്ലോറിയ (ഹാ എത്ര സുന്ദരം) എന്ന തിരുവെഴുത്ത് വഴിയാണ് രൂപത സ്ഥാപിക്കപ്പെടുന്നത്. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാ ട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് തോമസ് മൗണ്ടില്‍ വെച്ച് 1973 മെയ് 1-ന് മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രഥമ മെത്രാനായ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടക്കുകയും ചെയ്തു. തൂങ്കുഴി പിതാവിനോടൊപ്പം മോൺ. തോമസ് മൂലക്കുന്നേൽ രൂപതയുടെ പ്രഥമ വികാരി ജനറാളായും നിയമിതനായി. 2022 മെയ് 1-ന് ഉദ്ഘാടനം ചെയ്യപ്പെട്ട മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷം നാളെയാണ് സമാപിക്കുക.

1973 ൽ നിന്നും 2023 ൽ അമ്പത് വർഷം പൂർത്തിയാക്കപ്പെടുമ്പോൾ സുവർണ്ണ ജൂബിലി ആഘോഷവും അതിനു ശേഷമുള്ള രൂപത പ്രർത്തനങ്ങളും ഏതു വിധമായിരിക്കണമെന്ന് 2022 ഏപ്രിൽ മാസത്തിൽ നടന്ന രൂപത അസംബ്ലിയിൽ ചർച്ച ചെയ്യുകയും അതനുസരിച്ച് ജൂബിലി പ്രവർത്തനങ്ങളും, അജപാലന പദ്ധതിയും തയ്യാറാക്കുകയും ചെയ്തു. ജൂബിലി പ്രവർത്തനങ്ങളെന്ന നിലയില്‍ ആത്മീയതലം, സാമൂഹിക തലം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, സമുദായശാക്തീകരണം, തൊഴിൽ, ചരിത്രം, നീലഗിരിപാക്കേജ് എന്നിങ്ങനെ പത്ത് മേഖലകളിലായി അമ്പത് പ്രധാന പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെടുകയും അവ നടപ്പിലാ ക്കുകയും ചെയ്തു.

ഭവന രഹിതരും ഭൂരഹിതരും ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുന്നിൽ കണ്ട് വീടും ഭൂമിയും നല്കുന്ന പദ്ധതിയിലൂടെ 200 വീടുകൾ പൂർണ്ണമായും 46 വീടുകൾ ഭാഗീകമായും പൂർത്തിയാക്കാൻ സാധിച്ചു. 30 കുടുംബങ്ങൾക്ക് പത്ത് സെന്റ് വീതം ഭൂമി രൂപത തന്നെ നല്കുകയുണ്ടായി. വിവിധ സന്യസ്ത സഭകളും വ്യക്തികളും ചേർന്ന് മറ്റ് 30 പേർക്കുകൂടി ഭൂമി നല്കി. ഈ പ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ആരോഗ്യസുരക്ഷയുടെ ഭാഗമായി ഡയാലിസിസ് സെന്ററിന് തറക്കല്ലിടുകയും പ്രതിവർഷം 1000 സൗജന്യ ഡയാലസിസിനുള്ള സൗകര്യമൊരുക്കാൻ തീരുമാനിക്കുകയും സ്വാന്ത്വനം പാലിയേറ്റീവ് സെൻററുകൾ, ആമ്പുലൻസ് സർവീസ് എന്നിവക്ക് ആരംഭം കുറിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയിൽ സുവർണ്ണജൂബിലിയുടെ ഭാഗമായി ഫ്യൂച്വറിസ്റ്റിക് എഡ്യൂകേഷന്‍ ആന്റ് റിസേർച്ച് (FEDAR) ഫൗണ്ടേഷൻ സ്ഥാപിച്ച് ഉന്നത വിദ്യാഭ്യാസ പ്രവേശനം, കരിയർ & എഡ്യൂക്കേഷണൽ ട്രാക്കിംഗ്, സ്കോളർഷിപ്പുകൾ, സമഗ്ര വികസന പരിശീലനങ്ങൾ, വിദേശ ഭാഷാ പരിശീലനകേന്ദ്രങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ബയോവിൻ, WSSS, KLM എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഉപജീവനം എന്ന പേരിൽ 50 നിർദ്ധന കർഷക കുടുംബങ്ങൾക്ക് ജീവസന്ധാരണത്തിനായി, തൊഴിൽ ഉപകരണങ്ങളും പശു, ആട് എന്നിവ നൽകുകയും ഒരു കോടി രൂപയുടെ കാർഷികസാമഗ്രികൾ ജൈവകർ ഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു.

വൈദീക-സന്യസ്ത സംഗമം, രൂപതാ വൈദീക സംഗമം, പൂർവകാല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അത്മായ നേതൃസംഗമം, മിഷനറി സംഗമങ്ങൾ, പ്രവാസി സംഗമങ്ങൾ, കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങളുടെ സംഗമം എന്നിവ ഇടവക, ഫൊറോന, രൂപതാ തലങ്ങളിൽ സംഘടിപ്പിച്ചു. രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വ ത്തിൽ കലാ, സാഹിത്യ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, കായിക മത്സരങ്ങൾ, ഗയിംസ് എന്നിവ സംഘടിപ്പിച്ചു.

ഇടവകാതല ഹോം മിഷനുകൾ, ഇടവകധ്യാനങ്ങൾ, അഖണ്ഡ ജപമാലയും ആരാധനയും, ജൂബിലി വർഷം ബൈബിൾ വായന പൂർത്തിയാക്കൽ, യുവജന കൺവെൻഷൻ, ബൈബിൾ കൺവെൻഷൻ എന്നിവ വലിയ ജനപങ്കാളിത്തത്തോടെ പൂർത്തിയാക്കി. കൂടാതെ രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപയാണം പ്രാർത്ഥനാ ദിനങ്ങളായി ആചരിച്ചു കൊണ്ട് എല്ലാ ഇടവകകളിലൂടെയും കടന്നു പോയി. ഗൂഡല്ലൂർ പ്രദേശത്തിനായുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരുന്നു. പാലിയേറ്റീവ് ആംബുലൻസ് പ്രഥമ യൂണിറ്റ് നല്കി തുടക്കം കുറിക്കുന്നു.

2022 മെയ് ഒന്നിന് ഔപചാരികമായി രൂപതാതലത്തിലും മെയ് 8 ന് എല്ലാ ഇടവകകളിലും ഉദ്ഘാടനം ചെയ്യപ്പെട്ട സുവർണ്ണ ജൂബിലി ആചരണം 2023 മെയ് 1ന് സമാപിക്കുമ്പോൾ ഏകദേശം പതിനഞ്ച് കോടിയിലധികം രൂപയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രൂപതക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് രൂപതയിലെ എല്ലാ കുടുംബങ്ങളും സന്യസ്ത സമൂഹങ്ങളും പ്രസ്ഥാനങ്ങളും നിർലോഭമായി സഹകരിച്ചു.

നാളെ രാവിലെ 9 മണിക്ക് സീറോമലബാര്‍സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് സമാപനസമ്മേളനം ആരംഭിക്കുന്നത്. വിശുദ്ധ കുര്‍ബാനക്ക് ശേഷമുള്ള പൊതുസമ്മേളന ത്തില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി അദ്ധ്യക്ഷനായിരിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച്ചു ബിഷപ്പ് ലിയോപോള്‍ഡോ ജിറേല്ലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. വിദേശകാര്യ പാര്‍ലമെന്ററി സഹമന്ത്രിയായ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുകയും റവ. ഫാ. ബിജു മാവറ ജൂബിലവര്‍ഷപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും.

തുടര്‍ന്ന് വിവിധ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടക്കുക.

1. സ്വാന്ത്വനം, പാലിയേറ്റീവ്‌ & ആംബുലന്‍സ്‌ (നീലഗിരി): റോഷി അഗസ്റിന്‍

(കേരള ജലവകുപ്പ്‌ മന്ത്രി)

2. ഡയാലിസിസ്‌ സെന്‍റര്‍: വി.ഡി. സതീശന്‍

(പ്രതിപക്ഷ നേതാവ്‌, കേരള നിയമസഭ)

3. ബിഷപ്പ്‌ ഇമ്മാനുവേല്‍ പോത്തനാമുഴി സ്കോളര്‍ഷിപ്‌: മാര്‍ ആ൯ഡ്രുസ്‌ താഴത്ത്‌

(ആര്‍ച്ച്‌ ബിഷപ്പ്‌, തൃശൂര്‍ അതിരൂപതാ)

4. പാസ്റ്ററൽ പ്ലാൻ പ്രസിദ്ധീകരണം: മാര്‍ ജേക്കബ്‌ തൂങ്കുഴി

(ആര്‍ച്ച്‌ ബിഷപ്പ്‌ എമിരിറ്റസ്‌, തൃശൂര്‍ അതിരൂപത & പ്രഥമ മെത്രാൻ, മാനന്തവാടി രൂപത)

5. വീടുകളുടെ താക്കോല്‍ദാനം: ശ്രീ ഓ.ആര്‍. കേളു എം.എല്‍.എ.

(മാനന്തവാടി നിയോജകമണ്ഡലം)

6. സൗജന്യ ഡയാലിസിസ്‌ ടോക്കണുകളുടെ വിതരണം: ശ്രീ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.

(സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം)

7. ഉപജീവനം, കര്‍ഷക പാക്കേജ്‌: ശ്രീ ടി. സിദ്ധിക്ക്‌ എം.എല്‍.എ.

(കല്‍പ്പറ്റ നിയോജകമണ്ഡലം).

മാനന്തവാടി രൂപതയുടെ ആദ്യമെത്രാനായിരുന്ന ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത, തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് എന്നിവരെയും വൈദികര്‍, സന്യസ്തര്‍, ദേവാലയശുശ്രൂഷികള്‍, മതാദ്ധ്യാപകര്‍ എന്നിവരിലെ സുവര്‍ണ്ണജൂബിലിക്കാരെയും സമാപനസമ്മേളനത്തില്‍ ആദരിക്കും.

അഡ്വ. സണ്ണി ജോസഫ്‌ എം.എല്‍.എ (പേരാവൂര്‍ നിയോജകമണ്ഡലം), പൊൻ ജയശീലൻ BSc., BL (എം.എല്‍.എ. ഗൂഡല്ലൂർ), എന്‍. ഡി. അപ്പച്ചൻ (രൂപതാ പാസ്റ്ററൽ കണ്‍സില്‍ അംഗം), റവ. സി. ആന്‍മേരി എസ്‌.എ.ബി.എസ്‌. (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍), ബീന കരിമ്പനാക്കുഴി (രൂപതാ പാസ്റ്ററല്‍ കാണ്‍സില്‍ അംഗം), കുമാരി അഥേല ബിനീഷ്‌ (കുട്ടികളുടെ പ്രതിനിധി) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.

ഷംഷാദ്‌ മരക്കാര്‍ (പ്രസിഡന്റ്‌, വയനാട് ജില്ലാ പഞ്ചായത്ത്), ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ വലിയമറ്റം (ആര്‍ച്ച്‌ ബിഷപ്പ്‌ എമിരിറ്റസ്‌, തലശേരി അതിരൂപത), ആര്‍ച്ച്‌ ബിഷപ്പ്‌ ജോണ്‍ മൂലച്ചിറ (ആര്‍ച്ച്‌ ബിഷപ്പ്‌, ഗുവാഹത്തി അതിരൂപത), ബിഷപ്‌ വര്‍ഗീസ്‌ ചക്കാലക്കല്‍ (ബിഷപ്പ്, കോഴിക്കോട് രൂപത), ബിഷപ്പ്‌ ജോസഫ്‌ മാര്‍ തോമസ്‌ (ബിഷപ്പ്, ബത്തേരി മലങ്കര രൂപത), ബിഷപ്പ്‌ റെമിജിയുസ്‌ ഇഞ്ചനാനിയിൽ (ബിഷപ്പ്, താമരശേരി രൂപത), ബിഷപ്പ്‌ സെബാസ്റ്റ്യൻ എടയന്ത്രത്ത് (ബിഷപ്പ്, മണ്ഡ്യ രൂപത), ബിഷപ്പ്‌ ജോസഫ് അരുമച്ചാടത്ത് MCBS (ബിഷപ്പ്, ഭദ്രാവതി രൂപത), ബിഷപ്പ്‌ അരുളപ്പൻ അമല്‍രാജ്‌ (ബിഷപ്പ്, ഊട്ടി രൂപത), ബിഷപ്പ്‌ അലക്സ്‌ വടക്കുംതല (ബിഷപ്പ്, കണ്ണൂര്‍ രൂപത), ബിഷപ്പ്‌ ജോസഫ്‌ പണ്ടാരശേരിൽ (കോട്ടയം രൂപത സഹായ മെത്രാന്‍), ശ്രീ ജസ്റ്റിൻ ബേബി (മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്), ശ്രീമതി രത്നവല്ലി(മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ), എച്. ബി. പ്രദീപ് (എടവക പഞ്ചായത്ത്‌ പ്രസിഡന്റ്), ശ്രീമതി കെ. സി. റോസക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ), ശ്രീ കെ. ജെ. ദേവസ്യ (ചെയർമാൻ, കേരള സെറാമിക്സ് ലിമിറ്റഡ് കോർപറേഷൻ) എന്നിവരും വിവിധ രൂപതകളില്‍ നിന്നുള്ള വികാരി ജനറാല്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അത്മായപ്രതിനിധികള്‍ എന്നിവരും മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ വൈദികരും സമര്‍പ്പിതരും സമാപനസമ്മേളനത്തില്‍ സന്നിഹിതരായിരിക്കും.

രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ്‌ മാത്യു പുഞ്ചയില്‍ സമാപനസമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിക്കും.


Related Articles »