News - 2024

മദര്‍ തെരേസ തന്റെ സേവനമാരംഭിച്ച ചേരി ഭൂമി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കൈമാറി

പ്രവാചകശബ്ദം 01-05-2023 - Monday

കൊല്‍ക്കത്ത: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ, പാവപ്പെട്ടവര്‍ക്കിടയിലുള്ള തന്റെ സേവനത്തിന് ആരംഭം കുറിച്ച മോട്ടിജിൽ ചേരി ഭൂമി, വിശുദ്ധ സ്ഥാപിച്ച സന്യാസിനി സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. ചേരിയില്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ഭൂമി ലഭിച്ച കാര്യം പ്രാദേശിക സ്കൂളില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ മേരി ജോസഫാണ്, അറിയിച്ചത്. “ഭൂമിയുടെ വികസനവും നീതിയുക്തമായ വിനിയോഗവും” സംബന്ധിച്ച 2001-ലെ വെസ്റ്റ്‌ ബംഗാള്‍ തികാ (അക്വിസിഷന്‍ ആന്‍ഡ്‌ റെഗുലേഷന്‍) ടെനന്‍സി നിയമത്തിന് കീഴില്‍ കഴിഞ്ഞ മാസമായിരുന്നു ഭൂമി കൈമാറ്റം. കഴിഞ്ഞയാഴ്ച മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങളായ കന്യാസ്ത്രീകള്‍ മോട്ടിജിലിലെ നിര്‍മല്‍ ഹൃദയ് സ്കൂളില്‍വെച്ച് ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.



75 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മദര്‍ തെരേസ ഇവിടെ വരികയും ലോകമെമ്പാടും അറിയപ്പെട്ട തന്റെ മഹത്തായ സേവനം തുടങ്ങുകയുമായിരിന്നുവെന്ന് മോത്തിജില്‍ ഭൂമി സിസ്റ്റേഴ്സിന് ലഭിക്കുന്നതിന് സഹായിച്ച പാര്‍ലമെന്റംഗമായ ഡെറക്ക് ഒ’ബിരെന്‍ സ്മരിച്ചു. ഒലിവ്, ബ്ലെയിസി, മോഹിനി, ഗാന്‍സാ എന്നീ നാല് സിസ്റ്റേഴ്സ് ചേര്‍ന്നാണ് നിര്‍മല്‍ ഹൃദയ് സ്കൂള്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിന് പുറമേ സ്ത്രീകള്‍ക്ക് വേണ്ടി തയ്യല്‍പരിശീലനവുമുണ്ട്. പാവപ്പെട്ടവര്‍ക്ക് വെള്ളമോ, ശൌചാലയമോ ഇല്ലാത്ത വളരെ ഇടുങ്ങിയ സ്ഥലത്താണ് അവര്‍ താമസിക്കുന്നതെന്നും പാവപ്പെട്ടവരെ സേവിക്കുന്ന കാര്യത്തില്‍ തങ്ങളെ സഹായിക്കുവാനുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മനോഹരമായ പ്രവര്‍ത്തിയായിട്ടാണ് ഈ ഭൂമികൈമാറ്റത്തെ കാണുന്നതെന്നു സിസ്റ്റര്‍ മേരി ജോസഫ് പറഞ്ഞു.

മോട്ടിജിൽ ചേരിയില്‍ ഏതാണ്ട് അയ്യായിരത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ക്രൈസ്തവരും, ഹിന്ദുക്കളും, മുസ്ലീങ്ങളും വളരെ സൗഹാര്‍ദ്ദത്തോടും പരസ്പരം സഹായിച്ചുമാണ് ഇവിടെ കഴിയുന്നത്. ഇവിടെ പ്രായമായ പലരും സ്കൂളിലെ മദര്‍ തെരേസയുടെ സാന്നിധ്യം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മദര്‍ തെരേസ ആദ്യമായി ഇവിടെ വരുമ്പോള്‍ തനിക്ക് വെറും 5 വയസ്സ് മാത്രമായിരിന്നു പ്രായമെന്നും സ്കൂളില്‍ ചേര്‍ന്നപ്പോള്‍ മദര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പ്രദേശവാസിയായ ഭാനിക് സിംഗ് പറഞ്ഞു. 1940-കളില്‍ കൊല്‍ക്കത്തക്ക് സമീപമുള്ള ലോറെറ്റോ കോണ്‍വെന്റ് സ്കൂളിലെ ടീച്ചറായിരുന്നു മദര്‍ തെരേസ. സ്കൂള്‍ ജനലിലൂടെ ആളുകള്‍ എങ്ങിനെയാണ് മോട്ടിജിലില്‍ താമസിക്കുന്നതെന്ന് വീക്ഷിക്കുന്നത് മദര്‍ തെരേസയുടെ പതിവായിരുന്നു. 1948-ല്‍ ചേരിയില്‍ അലഞ്ഞു നടന്ന മദര്‍ തെരേസ കുറച്ച് സിസ്റ്ററുമാരെയും, കൊല്‍ക്കത്ത മെത്രാപ്പോലീത്തയേയും പറഞ്ഞ് മനസ്സിലാക്കി വത്തിക്കാന്റെ അനുവാദം നേടിയ ശേഷം കോണ്‍വെന്റ് ഉപേക്ഷിച്ച് പാവപ്പെട്ടവരുടെ സേവനത്തിനായി ഇറങ്ങി തിരിക്കുകയായിരിന്നു.


Related Articles »