News - 2024

സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്; പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രവാചകശബ്ദം 02-05-2023 - Tuesday

കൊച്ചി/ വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ് പരിശുദ്ധ സിംഹാസനവുമായി ചര്‍ച്ചയ്ക്കു ഒരുങ്ങുന്നത്. മെയ് 4-ന് ഇവര്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി എന്നിവരുമായി അപ്പസ്തോലിക കൊട്ടാരത്തിൽ ചര്‍ച്ചകള്‍ നടത്തും.

യോഗത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അതുവഴി പ്രശ്‌നകരമായ സാഹചര്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയും. വത്തിക്കാനിലേക്കുള്ള സ്ഥിരം സിനഡിലെ അംഗങ്ങളുടെ സന്ദർശനത്തിന്റെ ഫലപ്രാപ്തിക്കായി അതിരൂപത/ രൂപതകളിലെ എല്ലാവരും പ്രാര്‍ത്ഥിക്കണമേയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


Related Articles »