India - 2024

മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് വര്‍ണാഭമായ സമാപനം

പ്രവാചകശബ്ദം 02-05-2023 - Tuesday

മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലിയും വിവിധ വ്യക്തിസഭകളിലെ മെത്രാന്മാര്‍, രാഷ്ട്രീയപ്രതിനിധികള്‍, അത്മായനേതാക്കള്‍, സന്യസ്തര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വേദിയും സദസ്സും ഒരുപോലെ പ്രൗഡമായിരുന്നു. മാനന്തവാടി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയര്‍പ്പണത്തോടെയാണ് സമാപനസമ്മേളനത്തിന് തുടക്കം കുറിച്ചത്. മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗംലം, തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പും ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ദൈവജനത്തിന്റെ വിശ്വാസ തീര്‍ത്ഥാടനത്തിന്റെ സുവര്‍ണ്ണജൂബിലിയാണിതെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലി പറഞ്ഞു. സുവര്‍ണ്ണജൂബിലി സ്മരണക്കായി ഒലിവ് തൈ നട്ടുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. അടിയന്തിരമായി റോമിന് പോകേണ്ടി വന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം രൂപതാ ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍ വേദിയില്‍ വായിച്ചു. മാനന്തവാടി രൂപതാംഗവും ഗ്വാഹട്ടി ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോണ്‍ മൂലച്ചിറ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ദൈവജനത്തിനും പൊതുസമൂഹത്തിനുമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും സംഘടിപ്പിച്ച പ്രോഗ്രാമുകളുടെയും സംക്ഷിപ്തം സുവര്‍ണ്ണജൂബിലി കണ്‍വീനര്‍ ഫാ. ബിജു മാവറ അവതരിപ്പിച്ചു.

സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ വിവിധ പദ്ധതികളിലൊന്നായ സാന്ത്വനം പാലിയേറ്റീവ് ആന്റ് ആംബുലന്‍സ് സര്‍വ്വീസിന്റെ പ്രഥമയൂണിറ്റ് ആംബുലൻസ് താക്കോലും ചെക്കും ഫാ.വിൻസന്റ് കളപ്പുര, ഫാ.ബിനോയ് കാശാംകുറ്റി എന്നിവർക്ക് കൈമാറിക്കൊണ്ട് കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വയനാടന്‍ ജനതക്ക് ആശ്വാസമാകുന്ന മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിന്റെ മാതൃക അനാച്ഛാദനം കേരള നിയമസഭാ പ്രതിപക്ഷനേതാവ് ശ്രീ വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമേഖലയിലും വിശ്വാസപരിശീലനരംഗത്തും ഏര്‍പ്പെടുത്തിയ ബിഷപ്പ്‌ ഇമ്മാനുവേല്‍ പോത്തനാമുഴി സ്കോളര്‍ഷിപ്പ് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ ഫെഡാര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പിലിന് ചെക്ക് നല്കി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി രൂപതയുടെ രണ്ടാമത് രൂപതായോഗം രൂപപ്പെടുത്തിയ അജപാലനപദ്ധതിയുടെ കോപ്പി മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനും മുന്‍ തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തായുമായിരുന്ന ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴിയിൽ നിന്ന് ബിഷപ്പ് ജോസ് പൊരുന്നേടവും പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ സ്വപ്നപദ്ധതിയായ ഭവനനിര്‍മ്മാണപദ്ധതിയിലെ 201-ാമത് വീടിന്റെ താക്കോല്‍ദാനം മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ശ്രീ ഓ.ആര്‍. കേളു രൂപതാ വികാരി ജനറാള്‍ മോണ്‍ പോള്‍ മുണ്ടോളിക്കലിനും സൗജന്യ ഡയാലിസിസ്‌ ടോക്കണുകളുടെ വിതരണം സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ശ്രീ ഐ.സി. ബാലകൃഷ്ണന്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ‍ഡയറക്ടര്‍ ഫാ. മനോജ് കവളക്കാടനും നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രത്യേക പാക്കേജായ ഉപജീവനം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ശ്രീ ടി. സിദ്ധിക്ക്‌ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ പോള്‍ കൂട്ടാലക്ക് ചെക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

രൂപതയുടെ ആഘോഷപൂര്‍വ്വകമായ ഈ ജൂബിലി സമ്മേളനത്തില്‍ അഡ്വ. സണ്ണി ജോസഫ്‌ എം.എല്‍.എ (പേരാവൂര്‍ നിയോജകമണ്ഡലം), ശ്രീ എന്‍. ഡി. അപ്പച്ചൻ, റവ. സി. ആന്‍മേരി എസ്‌.എ.ബി.എസ്‌., ശ്രീമതി ബീന കരിമാംകുഴി, കുമാരി അഥേല ബിനീഷ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഷംഷാദ്‌ മരക്കാര്‍ (പ്രസിഡന്റ്‌, വയനാട് ജില്ലാ പഞ്ചായത്ത്), ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജ്‌ വലിയമറ്റം (ആര്‍ച്ച്‌ ബിഷപ്പ്‌ എമിരിറ്റസ്‌, തലശേരി അതിരൂപത), ആര്‍ച്ച്‌ ബിഷപ്പ്‌ ജോണ്‍ മൂലച്ചിറ (ആര്‍ച്ച്‌ ബിഷപ്പ്‌, ഗുവാഹത്തി അതിരൂപത), ബിഷപ്പ്‌ ജോസഫ്‌ മാര്‍ തോമസ്‌ (ബിഷപ്പ്, ബത്തേരി മലങ്കര രൂപത), ബിഷപ്പ്‌ റെമിജിയുസ്‌ ഇഞ്ചനാനിയിൽ (ബിഷപ്പ്, താമരശേരി രൂപത), ബിഷപ്പ്‌ സെബാസ്റ്റ്യൻ എടയന്ത്രത്ത് (ബിഷപ്പ്, മണ്ഡ്യ രൂപത), ബിഷപ്പ്‌ ജോസഫ് അരുമച്ചാടത്ത് MCBS (ബിഷപ്പ്, ഭദ്രാവതി രൂപത), ബിഷപ്പ്‌ അരുളപ്പൻ അമല്‍രാജ്‌ (ബിഷപ്പ്, ഊട്ടി രൂപത), ശ്രീ ജസ്റ്റിൻ ബേബി (മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്), ശ്രീമതി രത്നവല്ലി(മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ), ശ്രീ എച്. ബി. പ്രദീപ് (എടവക പഞ്ചായത്ത്‌ പ്രസിഡന്റ്), ശ്രീമതി കെ. സി. റോസക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ), ശ്രീ കെ. ജെ. ദേവസ്യ (ചെയർമാൻ, കേരള സെറാമിക്സ് ലിമിറ്റഡ് കോർപറേഷൻ) എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ രൂപതകളില്‍ നിന്നുള്ള വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അത്മായപ്രതിനിധികള്‍ എന്നിവരുടെയും മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും എല്ലാ വൈദികരുടെയും സമര്‍പ്പിതരുടെയും സാന്നിദ്ധ്യം കൊണ്ട് സമാപനസമ്മേളനം പ്രൗഡമായിരുന്നു.

രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ ജോസ്‌ മാത്യു പുഞ്ചയില്‍ സമാപനസമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ച് സംസാരിച്ചു. രൂപതയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന അയ്യായിരത്തോളം വരുന്ന ദൈവജനവും വിശിഷ്ടാതിഥികളും പങ്കെടുത്ത സമാപനസമ്മേളനം രൂപതാ ഗാനത്തിന് ശേഷം നടന്ന സ്നേഹവിരുന്നോടെ സമാപിച്ചു.


Related Articles »