India - 2024
സ്വവർഗവിവാഹ നിയമസാധുത: ശക്തമായ എതിര്‍പ്പ് രാഷ്ട്രപതിയെ അറിയിച്ച് സീറോ മലബാർ സഭ
പ്രവാചകശബ്ദം 04-05-2023 - Thursday
കൊച്ചി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്രസർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞ പശ്ചാത്തലത്തിലാണ് പ്രതികരണം. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ, കേന്ദ്രത്തിന്റെ ധാർമിക കാഴ്ചപ്പാടുതന്നെ പുലർത്തുകയും സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുകയും ചെയ്യുകയാണെന്ന് അറിയിച്ചു.
ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും ജൈവശാസത്രപരമായ ഒരു സ്ത്രീയും അവർക്കു ജനിക്കുന്ന കുട്ടികളും ഉൾക്കൊള്ളുന്നതാണെന്നുമുള്ള എതിർസത്യവാങ്മൂലം സുപ്രിം കോടതിയിൽ നൽകിയ കേന്ദ്രസർക്കാർ നിലപാടിനെ സഭ ശ്ലാഘിക്കുന്നു. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ ഇതേ ധാർമിക കാഴ്ചപ്പാടുതന്നെ പുലർത്തുകയും സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുകയും ചെയ്യുന്നു.
കാരണം സ്വവർഗവവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിൻ്റെ ലംഘനമാണ്; സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയോടുള്ള നിഷേധമാണ്; കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്. സ്വവർഗവിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം, രക്തബന്ധുക്കൾ തമ്മിലുള്ള ആകർഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളികൾ ഉയരുന്നതിന് കാരണമാകാം.
അതിനാൽ അത് അനുവദിക്കപ്പെടാൻ പാടില്ല. എന്നാൽ ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു, അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു. അതേസമയം വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്ന നിലപാട് സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു എന്ന് സീറോമലബാർ സഭ പ്രതികരണത്തിൽ അറിയിച്ചു.