India - 2024

അക്രമങ്ങള്‍ പ്രതീക്ഷ കെടുത്തിക്കളയുമ്പോൾ പ്രത്യാശയുടെ തിരിനാളമാകാൻ കഴിയണം: കർദ്ദിനാൾ ക്ലീമിസ് ബാവ

പ്രവാചകശബ്ദം 14-05-2023 - Sunday

തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യ മനസിന്റെ പ്രത്യാശ കെടുത്തിക്കളയുമ്പോൾ പ്രത്യാശയുടെ തിരിനാളമാകാൻ ദേവാലയങ്ങൾക്കു കഴിയണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പാളയം സമാധാന രാജ്ഞി ബസിലിക്കയുടെ നവ തി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പ്രത്യാശയുടെ ചിരാത് ദേവാലയത്തിന്റെ തിരുനടയിൽ കത്തി നിൽക്കുന്ന കാഴ്ച കാണാൻ മനുഷ്യർക്ക് ഇടയാകണം. വലിയ ഹൈമാസ്റ്റ് ലൈറ്റിന്റെ കാലഘട്ടത്തിൽ ഒരു ചിരാതാകുവാൻ സാധിക്കുന്ന ഹൃദയ വലിപ്പമെങ്കിലും നമുക്ക് ഉണ്ടാകണം.ആരാധന എന്നത് അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുന്ന നീണ്ട പ്രാർത്ഥനകൾക്കപ്പുറത്ത് ഹൃദയങ്ങൾ സ്നേഹത്തിൽ ഉറപ്പിക്കുന്ന അടിസ്ഥാന ശുശ്രൂഷയാണെന്ന് തിരിച്ചറിയണം. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏവരെയും കൂടുതൽ നന്മയിലേക്കു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർച്ചു ബിഷപ്പ് ഡോ. എം.സൂസപാക്യം ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവവും മനുഷ്യനും സംഗമിക്കുന്ന ഇടമാണ് ദേവാലയങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആന്റണി രാജു പറഞ്ഞു. നവീകരണം ദൈവത്തിന്റെ പദ്ധതിയാണ്. ദേവാലയങ്ങൾക്കൊപ്പം മനുഷ്യമനസുകളിൽ കൂടി മാറ്റമുണ്ടാകുമ്പോഴേ ആ നവീകര ണം അർഥവത്താകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Related Articles »