News - 2024

ബെനഡിക്ട് പാപ്പയുടെ പേരിലുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 16-05-2023 - Tuesday

റോം: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം ഇന്നാണ് നടന്നത്. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി ഫൗസ്റ്റ ബെർഗമോട്ടോ, സെനറ്റർ മാർസെല്ലോ പെറ, സെനറ്റിന്റെ മുൻ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരിന്നു പ്രകാശനം. "പോപ്പ് ബെനഡിക്ട് പതിനാറാമൻ", പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ സേവനം ചെയ്ത 2005 - 2013 വര്‍ഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളും പാപ്പയുടെ മനോഹരമായ ചിത്രവും സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 x 30 മില്ലിമീറ്റർ തപാൽ സ്റ്റാമ്പുകളിൽ 105,000 എണ്ണമാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

തപാൽ സ്റ്റാമ്പിനൊപ്പം, ബെനഡിക്ട് പതിനാറാമന്റെ ശവകുടീരത്തിന്റെ ചിത്രത്തോടുകൂടിയ പ്രത്യേക പോസ്റ്റ്മാർക്കും സര്‍ക്കാര്‍ അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 31നു ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗവും സ്റ്റാമ്പ് പുറത്തിറക്കിയിരിന്നു. പാപ്പ ദിവംഗതനായി ഒരു മാസം തികഞ്ഞ വേളയിലായിരിന്നു സ്റ്റാമ്പ് പ്രകാശനം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.

More Archives >>

Page 1 of 844