News - 2024

മണിപ്പൂരില്‍ 4 ദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദേവാലയങ്ങൾ; 76 ദേവാലയങ്ങൾ പൂർണമായും അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 16-05-2023 - Tuesday

ഇംഫാല്‍: കലാപ അന്തരീക്ഷം ശാന്തമാകുമ്പോഴും കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ വിവിധ മേഖലകളിൽ നാലു ദിവസംകൊണ്ട് ആക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദേവാലയങ്ങൾ. കഴിഞ്ഞ മൂന്നു മുതൽ ആറു വരെ ദേവാലയങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളുടെ പട്ടിക മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലാ ക്രിസ്ത്യൻ ഗുഡ്‌വില്‍ കൗൺസിലാണ് പുറത്തുവിട്ടതെന്ന് ഇത് സംബന്ധിച്ച 'ദീപിക' പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലിനാണ് പള്ളികൾക്കു നേരെ ഏറ്റവുമധികം അക്രമം നടന്നത്. നാലു ദിവസംകൊണ്ട് 76 ദേവാലയങ്ങൾ പൂർണമായും അഗ്നിക്കിരയാക്കിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ലത്തീൻ സഭയുടെ കീഴിലുള്ള മൂന്നു ദേവാലയങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. ഇംഫാലിലെ ഷാങ്ഹായ്പ്രോ സെന്റ് പോൾസ് ദേവാലയം, സാഞ്ചിപുർ ഹോളി റെഡീമർ ദേവാലയം, കാക്ചിംഗ് ഖുനാവിലെ ഹോളി ക്രോസ് ദേവാലയം എന്നിവയാണു തകർക്കപ്പെട്ടത്. മൂന്നിനാണ് ഇവ മൂന്നും ആക്രമിക്കപ്പെട്ടത്. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്റെ (ഇസിഎ) 11 ആരാധനാലയങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിന്റെ (ഇബിസിസി) അഞ്ചു ദേവാലയങ്ങൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും അക്രമികൾ തകർത്തു. തുതാഫായ് പ്രസ്ബിറ്റേറിയൻ ചർച്ചിന്റെ (മണിപ്പൂർ സിനഡ്) 13 ദേവാലയങ്ങൾ അക്രമികൾ ഒറ്റദിവസത്തിൽ തീവച്ചു നശിപ്പിച്ചു. നാലിനായിരുന്നു അക്രമം.

കെസിസിസി സെന്റർ ചർച്ച്, മണിപ്പുർ പ്രസ്ബിറ്റേറിയൻ ചർച്ച് (എംപിഎസ്), ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ച് (ഇസി), ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യ (ഇഎഫ്സിഐ), ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് (ഇഎസി), അസംബ്ലി ഓഫ് ഗോഡ്, മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഈസ്റ്റേൺ മണിപ്പുർ പ്രസ്ബിറ്റേറിയൻ ചർച്ച് (ഇഎംപിസി) എന്നീ സഭകളുടെ പള്ളികളും വ്യാപകമായി ആക്രമിക്കപ്പെട്ടതായി കണക്കുകളെ ഉദ്ധരിച്ചുള്ള 'ദീപിക'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിപ്പൂര്‍ ജനസംഖ്യയുടെ 64 % വരുന്ന മെയ്തി വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ഇതിന് വര്‍ഗ്ഗീയ ഇടപെടല്‍ ഉണ്ടായതോടെ ആക്രമണം ശക്തമാകുകയായിരിന്നു. ഗോത്രവിഭാഗമായ കുകികളുടെ വീടുകളും ആരാധനാലയങ്ങളും മെയ്തെയ് വിഭാഗക്കാർ അഗ്നിക്കിരയാക്കിയെന്നാണു റിപ്പോർട്ട്. ക്രൈസ്തവർക്കുനേരെ നടക്കുന്ന അതിക്രമം ആശങ്കാജനകമാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസ്താവിച്ചിരിന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിലും (കെസിബിസി) ആവശ്യപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 844