News
നിക്കരാഗ്വേന്‍ ക്രൈസ്തവര്‍ നേരിടുന്ന കൊടിയപീഡനം പ്രതിപാദിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്
പ്രവാചകശബ്ദം 15-05-2023 - Monday
വാഷിംഗ്ടണ്‍ ഡിസി: ദിവസം ചെല്ലും തോറും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന നിക്കരാഗ്വേന്‍ കത്തോലിക്കര്‍ക്കെതിരെയുള്ള മതപീഡനങ്ങളെ എടുത്തുകാട്ടിക്കൊണ്ട് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. വൈദികരെ ജയിലില്‍ അടക്കുകയും, സന്യാസ സമൂഹങ്ങളെ നിരോധിക്കുകയും, ക്രിസ്തീയ ആരാധനക്രമങ്ങള്‍ വിലക്കുകയും ചെയ്തുക്കൊണ്ട് നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കര്‍ക്കെതിരെ നടത്തി വരുന്ന മതപീഡനങ്ങള്‍ ദിവസം ചെല്ലും തോറും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) മെയ് ആദ്യവാരത്തില്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടം നടത്തി വരുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, രൂപത ജീവനക്കാരും, ഒരു ഡീക്കനും ഉള്‍പ്പെടെ 222 രാഷ്ട്രീയ തടവുകാരെയാണ് പൗരത്വം റദ്ദ് ചെയ്തുകൊണ്ട് അമേരിക്കയിലേക്ക് നാടുകടത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. കത്തോലിക്കാ സന്യാസ സമൂഹങ്ങളെ നാടുകടത്തുകയും, കത്തോലിക്ക പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, കത്തോലിക്ക മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിക്കരാഗ്വേയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയെ യു.എസ്.സി.ഐ.ആര്‍.എഫ് അഭിനന്ദിച്ചു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം വരെ ഏര്‍പ്പെടുത്താം. ക്യൂബയേയും പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടിക്കും റിപ്പോര്‍ട്ടില്‍ അഭിനന്ദനമുണ്ട്. ക്യൂബയിലെ ജെസ്യൂട്ട് പ്രോവിന്‍സിന്റെ അധ്യക്ഷനും, ക്യൂബന്‍ റിലീജിയസ് മെന്‍ ആന്‍ഡ് വിമന്‍ പ്രസിഡന്റുമായ ഡേവിഡ് പാന്റാലിയോണിന്റെ താമസാനുമതി പുതുക്കി നല്‍കാത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയെയും, നൈജീരിയയെയും പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്ത സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയില്‍ യു.എസ്.സി.ഐ.ആര്‍.എഫ് ഖേദം രേഖപ്പെടുത്തി.
ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവേചനപരമായ നയങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതിന്റെ പേരില്‍ നൂറുകണക്കിന് ക്രിസ്ത്യാനികളുടെ വീടുകള്‍ തകര്‍ത്തതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ബര്‍മ്മ, ചൈന, എറിത്രിയ, ഇറാന്‍, നോര്‍ത്ത് കൊറിയ, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, ടര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളേയും പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പദവിയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റും, മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിയമിച്ച 9 കമ്മീഷണര്‍മാര്‍ ഉള്‍പ്പെടുന്ന കമ്മീഷനാണ് യു.എസ്.സി.ഐ.ആര്‍.എഫ്.