News - 2024

മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും അടിയന്തിര ആവശ്യങ്ങളും വിവരിച്ച് ഇംഫാൽ ആർച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍

പ്രവാചകശബ്ദം 15-05-2023 - Monday

മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥയും, അടിയന്തിര ആവശ്യങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ എഴുതുന്നു. പരിതാപകരമായ അവസ്ഥയിൽനിന്ന് കരകയറാൻ എല്ലാ മനുഷ്യ സ്നേഹികളും ഒത്തൊരുമയോടെ കൈകോർക്കേണ്ട സമയമാണിത്. ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് പാവപ്പെട്ടവരെ തിരികെ സുരക്ഷിതമായി സ്വഭവനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ഇംഫാൽ അതിരൂപതയുടെ പരിശ്രമങ്ങൾക്ക് ശക്തിപകരാം.

2023 മെയ് മൂന്നാം തിയ്യതി മുതൽ മുമ്പൊരിക്കലും ഉണ്ടാകാത്തവിധത്തിലുള്ള അക്രമസംഭവങ്ങളും അസ്വസ്ഥതകളുമാണ് ഒരു കൊടുങ്കാറ്റ് പോലെ മണിപ്പൂരിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ ഇംഫാൽ കത്തോലിക്കാ അതിരൂപത അത്യന്തം വേദനിക്കുകയും ദുഃഖിക്കുകയും അതിലേറെ ഉത്ക്കണ്ഠപ്പെടുകയും ചെയ്യുന്നു. ഒട്ടേറെ ജീവനുകൾ നഷ്ടമായി, ഭവനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, വസ്തുവകകൾ തകർക്കുകയും മോഷ്ടിക്കുകയും ചെയ്തു, ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്തു.

ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും നാടുവിടാൻ നിർബ്ബന്ധിതരാവുകയും ചെയ്തു. അവർ മിലിട്ടറി ക്യാമ്പുകളിലും മറ്റ് അഭയകേന്ദ്രങ്ങളിലും യാതനയനുഭവിക്കുന്നു. തലസ്ഥാനമായ ഇംഫാലും സംസ്ഥാനം തന്നെയും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവരും നിരവധി. മലമുകളിൽ അഭയം തേടിയിരിക്കുന്നവർ തിരികെ താഴവരയിലേയ്ക്ക് പോകാൻ ഭയപ്പെടുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഭീതിയും അനിശ്ചിതത്വവും നിരാശയുമാണ് എല്ലായിടത്തും.

സംഭവിച്ചവക്ക് പിന്നിലെ ചില കാരണങ്ങൾ ‍

കുറച്ചധികം കാലമായി നിലനിന്നിരുന്നതും സാവകാശം വളർന്നുവന്നതുമായ അനിശ്ചിതത്വങ്ങളും ആശങ്കകളും വികാരങ്ങളും ഈ സമൂഹത്തിൽ ഉണ്ടായിരുന്നു.

1. പട്ടിക വർഗ്ഗ (ഷെഡ്യൂൾഡ് ട്രൈബ്) സംവരണം എന്ന മെയ്തെയി വിഭാഗത്തിന്റെ ആവശ്യവും അതിനോടുള്ള ആദിവാസി വിഭാഗങ്ങളുടെ കടുത്ത എതിർപ്പും.

- ഈ ആവശ്യത്തെ നിരവധി മെയ്തെയി രാഷ്ട്രീയ നേതാക്കളും എംഎൽഎ മാരും പിന്തുണച്ചിരുന്നു.

- ട്രൈബൽ സ്റ്റുഡന്റ് ഓർഗനൈസേഷനും മറ്റു വിവിധ സംഘടനകളും ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

- മെയ്തെയി വിഭാഗത്തിന്റെ ഈ ആവശ്യത്തെ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് ശുപാർശ സമർപ്പിക്കാൻ മണിപ്പൂർ ഹൈക്കോടതി നിർദ്ദേശം നൽകിയതും അതിനോടുള്ള ആദിവാസി വിഭാഗങ്ങളുടെ എതിർപ്പും വിയോജിപ്പും.

2. സംരക്ഷിത, റിസേർവ്ഡ് വന മേഖലകളുമായി ബന്ധപ്പെട്ട് സർവേ നടത്താനുള്ള സർക്കാർ ഉദ്യമം.

- ഹിൽ ഏരിയ കമ്മിറ്റി (HAC) യുടെ അനുമതികൂടാതെയുള്ള ഇത്തരം വിഭാഗീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ള സർവേ നടത്തുന്നതിൽ ആദിവാസി വിഭാഗങ്ങൾക്ക് എതിർപ്പ് ഉണ്ടായിരുന്നു.

- വനമേഖലകളിൽനിന്ന് ചില ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കുന്നതും മാറ്റി പാർപ്പിക്കുന്നതും (മുഖ്യമായും കുക്കി വിഭാഗത്തിൽപെട്ട ആദിവാസി ഗ്രാമങ്ങൾ) അവരെ രോഷാകുലരാക്കിയിരുന്നു.

3. രാമാനന്ദ എന്ന വ്യക്തി ഏതാനും ആഴ്ചകൾക്ക് മുമ്പ് വർഗ്ഗീയ വിദ്വേഷം ജ്വപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചതും, ഒപ്പം തങ്ങളുടെ സ്വത്വവും സംസ്കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരു വിഭാഗം മെയ്തെയികൾ പ്രതിജ്ഞയെടുത്തതും. മെയ്തെയി വിഭാഗവും, കുക്കി - ചിൻ - മിസോ വിഭാഗവും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നു.

ജനങ്ങളുടെ അവസ്ഥ ‍

രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള കലാപം എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രശ്നങ്ങൾക്ക് പിന്നിൽ കൃത്യമായ ഒരു കാരണം പറയാൻ കഴിയാത്തവിധത്തിലുള്ള സങ്കീർണ്ണത നിലനിൽക്കുന്നത് അവസ്ഥയെ കൂടുതൽ മോശമാക്കിയിരിക്കുന്നു. ഒട്ടേറെ ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്. താഴ്‌വാരങ്ങളിലുള്ള നിരവധി ചെറുതും വലുതുമായ ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് പേർ വീടുവിട്ട് ഓടി അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്നു. മലയോര മേഖലകളിലും മലമ്പ്രദേശത്തുമായുള്ള ക്യാമ്പുകളിൽ ഏകദേശം നാല്പത്തയ്യായിരം പേർ കഴിയുന്നു എന്നുള്ളതാണ് കണക്ക്.

പടിഞ്ഞാറൻ ഇംഫാലിൽ 13800 പേർ, കിഴക്കൻ ഇംഫാലിൽ 11800 പേർ, ബിഷ്ണുപൂരിൽ 4500 പേർ, ചുരാചന്ദ്പൂരിൽ 5500 പേർ, കാങ്‌പോക്പി ജില്ലയിൽ 7000 പേർ എന്നിങ്ങനെയാണ് ഏകദേശ കണക്കുകൾ. ഇതിനകം സർക്കാർ അനേകരെ സ്വന്തം ഗ്രാമങ്ങളിൽനിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മേൽപ്പറഞ്ഞ കണക്കുകൾ പത്രമാധ്യമങ്ങളിൽനിന്ന് ലഭ്യമായവയാണ്. യഥാർത്ഥ എണ്ണം ഇതിലും ഏറെയായിരിക്കാം. പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള അന്വേഷണം ദുഷ്കരമാണ്. സാമ്പത്തിക ഉപരോധത്തിനുള്ള പദ്ധതിക്ക് സൂചനകളുണ്ട്.

അടിയന്തിര ആവശ്യങ്ങൾ: ‍

1. ദുരിതാശ്വാസം

- അരിയും ഭക്ഷ്യവസ്തുക്കളും.

- കുടിവെള്ളം.

- സാനിറ്ററി പാഡ്, ടവ്വൽ, ഡയപ്പർ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ് മുതലായ വസ്തുക്കൾ.

- കുട്ടികൾക്കുള്ള സ്നാക്ക്സ്, കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ.

- ലഭ്യമായ എല്ലാവിധ പഴയ വസ്ത്രങ്ങളും.

- പാത്രങ്ങൾ

2. പുനരധിവാസം

- ജനങ്ങളെ സുരക്ഷിതമായി പഴയ ആവാസവ്യവസ്ഥിതിയിലേയ്ക്ക് തിരികെ എത്തിക്കുക.

- ഉപജീവനത്തിന് ആവശ്യമായ പിന്തുണ.

- കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സഹായം.

- പ്രായമായവർക്കുള്ള സഹായങ്ങൾ.

- സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം.

- നിർമ്മാണ സഹായങ്ങൾ.

- സമാധാന സംസ്ഥാപനം.

- സാമുദായിക മൈത്രി

ഈ വിഷയം നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ ധാരാളം പണം ആവശ്യമുണ്ട്. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് മെച്ചപ്പെട്ട ഒരു ജീവിതം ഒരുക്കി നൽകുന്നതിനായുള്ള ശക്തി ഞങ്ങൾക്ക് ലഭിക്കുന്നതിനായി ഉദാരമായി സംഭാവന ചെയ്യുക.

നിങ്ങളുടെ വിലയേറിയ സംഭാവനകൾ ഈ അക്കൗണ്ടിലേക്ക് അയക്കുക:

A/C. Name: DSSS- Archdiocesan Emergency Relief Fund

A/C No. 920020064712698

IFSC Code: UTIB0000657

Bank: AXIS Bank, Imphal Branch

ഉപസംഹാരം. ‍

പരിമിതമായ സമ്പത്തും സാഹചര്യങ്ങളും ഉപയോഗിച്ച് ചില പുനരധിവാസ പ്രവർത്തനങ്ങൾ ഞങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് കൂടുതൽ പേരിലേക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.

നന്ദിപൂർവ്വം ക്രിസ്തുവിൽ,

മോസ്റ്റ് റവ. ഡൊമിനിക്ക് ല്യൂമോൻ

ആർച്ച് ബിഷപ്പ് ഓഫ് ഇംഫാൽ.

--മലയാള വിവര്‍ത്തനത്തിന് കടപ്പാട്: ‍ വിനോദ് നെല്ലയ്ക്കല്‍

More Archives >>

Page 1 of 843