News
വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍
പ്രവാചകശബ്ദം 21-05-2023 - Sunday
ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 16ന് ശസ്ത്രക്രിയ വഴിയാണ് കുരുന്നുകള്‍ ജനിച്ചത്. ഒരു മണിക്കൂര്‍ മാത്രമുണ്ടായിരിന്ന ആയുസ്സില്‍ കുരുന്നുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകും മുന്‍പ് അവര്‍ക്ക് മാമ്മോദീസയും സ്ഥൈര്യലേപനവും മരിയ തെരേസ, റേച്ചല്‍ ക്ലെയര്‍ എന്നീ പേരുകളില്‍ നല്‍കിയിരിന്നു.
ഹൃദയം അടക്കം മറ്റു പല അവയവങ്ങളും ഒരെണ്ണം മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പോകുവാന്‍ സാധ്യതയുണ്ടെന്നും ഭ്രൂണഹത്യ അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിന്നെങ്കിലും ജീവന്‍ നശിപ്പിക്കാന്‍ ഇവര്‍ തയാറായിരിന്നില്ല. ജീവന്റെ ഉടമ ക്രിസ്തു മാത്രമാണെന്ന ശക്തമായ തീരുമാനത്തോടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുകയായിരിന്നു. ഡോക്ടര്‍മാര്‍ ആദ്യം ജൂണ്‍ 2-നായിരുന്നു സിസേറിയന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ വളര്‍ച്ചാകുറവും, ഹൃദയമിടിപ്പിലെ കുറവും കാരണം മെയ് 16-ന് സിസേറിയന്‍ നടത്തുകയായിരുന്നു. കുരുന്നുകളുടെ അവസ്ഥ അറിയാമായിരുന്നതിനാല്‍ പ്രസവത്തിന് തൊട്ടുപിന്നാലെ തന്നെ മാമോദീസയും, സ്ഥൈര്യലേപനവും, ഉള്‍പ്പെടെയുള്ള കൂദാശകള്‍ നല്‍കുവാന്‍ ഒരു വൈദികനെ ഇവര്‍ ആശുപത്രിയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തി.
May 16th, 2023 Maria Therese and Rachel Clare were born, baptized and confirmed. They lived about an hour and are now enjoying the splendors of The Beatific Vision. To my beautiful Saints in Heaven, pray for us pic.twitter.com/bhb9XNSSHx
— Nicole LeBlanc (@nicolita_d) May 17, 2023
''എന്റെ കുഞ്ഞുങ്ങള്‍ക്കു അവരുടെ അവസാന നിമിഷം വരെ ഞങ്ങളുടെ സ്നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദൈവം അവരെ എന്റെ ഗർഭപാത്രത്തിൽ വളരെ മനോഹരമായി രൂപകൽപ്പന ചെയ്‌തു, എനിക്ക് കഴിയുന്നിടത്തോളം കാലം അവരെ വഹിക്കുവാന്‍ കഴിഞ്ഞത് ഒരു പരമമായ ബഹുമാനവും ഉന്നതപദവിയുമാണ്. അവരുടെ ജീവിതം പലരെയും സ്പർശിച്ചിട്ടുണ്ട്, എന്റെ കുടുംബത്തിന് ലഭിച്ച പിന്തുണ അവിശ്വസനീയമായ ഒന്നല്ല. സെന്റ് മരിയ തെരേസ് & സെന്റ് റേച്ചൽ ക്ലെയർ. ഓസ്റ്റിനും ഞാനും നിങ്ങളെ അറിയാൻ കഴിയുന്നതിലും കൂടുതൽ സ്നേഹിക്കുന്നു. ഇപ്പോൾ എന്റെ രാജകുമാരിമാരെ, നിങ്ങൾ നമ്മുടെ കർത്താവിന്റെയും മാതാവിന്റെയും മനോഹരമായ ദർശനത്തിൽ വിശ്രമിക്കുന്നു''- ലെബ്ലാങ്ക് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രണ്ടു വിശുദ്ധരെയാണ് താന്‍ ഉദരത്തില്‍ വഹിക്കുന്നതെന്നു ലെബ്ലാങ്ക് തന്റെ ഫോളോവേഴ്സിനോട് പറഞ്ഞിട്ടുണ്ട്. 2020 കത്തോലിക്ക വിശ്വാസം സ്വീകരിച്ച തന്നെ സംബന്ധിച്ച് ഇതൊരു പരീക്ഷണമായിരുന്നുവെന്ന് ഓസ്റ്റിൻ പറഞ്ഞു. അനുദിനം ജപമാല പ്രാർത്ഥന ഒരുമിച്ച് ചൊല്ലിയാണ് ഇരുവരും പ്രതിസന്ധികളെ അതിജീവിച്ചത്. എല്ലാ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ദമ്പതികൾ ഉറച്ചു വിശ്വസിച്ചു. ബൈബിളിലെ കഥാപാത്രങ്ങളും, വിശുദ്ധരും ഇരുവരുടെയും യാത്രയിൽ പ്രചോദനമായി മാറി. ഈ പ്രചോദനത്തിൽ നിന്നാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മരിയ തെരേസ്, റെയ്ച്ചൽ ക്ലാര എന്നീ പേരുകൾ നൽകാൻ ദമ്പതികൾ തീരുമാനമെടുക്കുന്നത്.
തങ്ങളുടെ കുട്ടികളെ ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കാൻ ഡോക്ടർമാർ പറഞ്ഞതും, അത് നിരസിച്ചതും അടക്കമുള്ള തങ്ങളുടെ സാക്ഷ്യം നിക്കോളും, ഭർത്താവ് ഓസ്റ്റിനും ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്ക് ചാനലിന്റെ ന്യൂസ് നൈറ്റ്ലിയുമായി പങ്കുവെച്ചിരിന്നു. 10 ആഴ്ച ഗർഭിണിയായിരിക്കുന്ന സമയത്ത് നടത്തിയ സ്കാനിംഗിലാണ് ഉദരത്തിൽ ഒരു ഹൃദയം പങ്കിടുന്ന കുട്ടികളാണ് വളരുന്നതെന്ന് ദമ്പതികള്‍ അറിയുന്നത്. ഇങ്ങനെയുള്ള കുട്ടികളെ പ്രസവിക്കുന്നത് അപകട സാധ്യതയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഭ്രൂണഹത്യക്ക് നിർദ്ദേശിച്ചെങ്കിലും ഒരു രീതിയിലും ജീവന്‍ നശിപ്പിക്കുവാന്‍ ഈ ദമ്പതികള്‍ ഒരുക്കമായിരിന്നില്ല. ജീവനെടുക്കാന്‍ യാതൊരു അധികാരവും തങ്ങള്‍ക്കു ഇല്ലായെന്നും അത് ദൈവത്തിന് മാത്രമാണുള്ളതെന്നും ലോകത്തോട് പ്രഘോഷിച്ച് ഭ്രൂണഹത്യ നിര്‍ദ്ദേശം ഉപേക്ഷിച്ച് ജീവനു വേണ്ടി അവസാനം വരെയും ശക്തമായി നിലക്കൊണ്ട ലെബ്ലാങ്ക് ദമ്പതികള്‍ ലോകത്തിന് ശക്തമായ സാക്ഷ്യമായി മാറുകയാണ്.