News - 2025

ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന മാതാവ്: പ്രോലൈഫ് വെങ്കല ശില്‍പ്പം വാഷിംഗ്‌ടണില്‍ അനാച്ഛാദനം ചെയ്തു

പ്രവാചകശബ്ദം 18-05-2023 - Thursday

വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ വെങ്കല ശില്‍പ്പം അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സിയിലെ കത്തോലിക്ക സര്‍വ്വകലാശാലയില്‍ അനാച്ഛാദനം ചെയ്തു. വാഷിംഗ്‌ടണ്‍ മെത്രാപ്പോലീത്ത വില്‍ട്ടണ്‍ ഗ്രിഗറി, കനേഡിയന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔലെറ്റ്‌, ശില്‍പ്പിയും കനേഡിയന്‍ കലാകാരനുമായ തിമോത്തി പോള്‍ ഷ്മാള്‍സ് തുടങ്ങിയവര്‍ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. പുതുജീവന്റെ ആഘോഷവും, ശക്തമായ പ്രോലൈഫ് സന്ദേശവുമാണ് ഈ ശില്‍പ്പമെന്നു പോള്‍ ഷ്മാള്‍സ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി സമര്‍പ്പണ പ്രാര്‍ത്ഥനക്കും ശില്‍പ്പത്തിന്റെ ആശീര്‍വാദത്തിനും നേതൃത്വം നല്‍കി.

ഗര്‍ഭവതിയായ മാതാവിന്റെ രൂപത്തിന് ദൈവത്തേക്കുറിച്ചും, നമ്മളേക്കുറിച്ചുമുള്ള ആഴത്തിലുള്ള സത്യങ്ങള്‍ വെളിപ്പെടുത്തുന്നതാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. അബോര്‍ഷന്‍ എന്ന ഭീകരതയേക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ശില്‍പ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഷിംഗ്‌ടണ്‍ ഡി.സിയിലെ തിരക്കേറിയ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ രൂപം അവിശ്വാസികളുടെയും, ഭ്രൂണഹത്യ അനുകൂലികളുടെയും വരെ ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നും ഷ്മാള്‍സ് പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ നിര്‍മ്മിക്കുന്ന ഓരോ ശില്‍പ്പവും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥനയാണെന്നു ഷ്മാള്‍സ് പറയുന്നു. ഗര്‍ഭവതിയായ മറിയത്തിന്റെ ഈ ശില്‍പ്പം ശക്തമായ സന്ദേശമാണ് നമുക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ത്തു മൃഗങ്ങളെ പോറ്റുന്നതിന് പകരം കുട്ടികളെ പോറ്റണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യ ജീവിതത്തെ ആഘോഷിക്കണമെന്നു ഈ ശില്‍പ്പം നമ്മോട് പറയുന്നതെന്നും ഷ്മാള്‍സ് ചൂണ്ടിക്കാട്ടി. ഇക്കാലത്തെ ഏറ്റവും അറിയപ്പെടുന്ന കത്തോലിക്ക ശില്‍പ്പികളില്‍ ഒരാളാണ് ഷ്മാള്‍സ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന്റെ ശില്‍പ്പങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഞ്ചല്‍സ് അണ്‍അവേര്‍സ്, ഹോംലെസ് ജീസസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്‍പ്പങ്ങളാണ്. ഈ ശില്‍പ്പത്തിന്റെ ചെറുപതിപ്പ് റോമിലെ സാന്‍ മാര്‍സെല്ലോ കോര്‍സോ ദേവാലയത്തിലുണ്ട്. അതേസമയം അമേരിക്കയിലെ ഓരോ സംസ്ഥാനത്തും ഇത്തരത്തിലുള്ള പ്രോലൈഫ് ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി.


Related Articles »