News

ലോകം കണ്ടു: അബ്ബി ജോണ്‍സന്റെ ഉദരത്തിലെ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗ് തത്സമയം

സ്വന്തം ലേഖകന്‍ 09-05-2019 - Thursday

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിനെ ശ്രദ്ധാകേന്ദ്രമാക്കിക്കൊണ്ട് ‘അണ്‍പ്ലാന്‍ഡ്’ എന്ന ഹിറ്റ്‌ സിനിമക്ക് വിഷയമായ അബ്ബി ജോണ്‍സന്റെ ഉദരത്തിലെ ശിശുവിന്റെ 4D അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയം സംപ്രേക്ഷണം പതിനായിരങ്ങള്‍ ദര്‍ശിച്ചു. 'ഫോക്കസ് ഓണ്‍ ദി ഫാമിലി' എന്ന പ്രോലൈഫ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ‘എലൈവ് ഫ്രം ന്യൂയോര്‍ക്ക് എന്ന പ്രോലൈഫ് പരിപാടിയുടെ ഭാഗമായാണ് 4D അള്‍ട്രാസൗണ്ട് തിരക്കേറിയ ടൈംസ് സ്ക്വയറില്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്.

‘എലൈവ് ഫ്രം ന്യൂയോര്‍ക്കി’ന്റെ ഭാഗമായി തല്‍സമയ പരിപാടികളും, പ്രഭാഷണങ്ങളും ഉണ്ടായിരുന്നെങ്കിലും, 4D അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ വീഡിയോ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ആയിരകണക്കിന് ആളുകളാണ് ഈ പ്രദര്‍ശനം കാണുവാന്‍ ടൈംസ് സ്ക്വയറില്‍ തടിച്ചു കൂടിയത്. ഇതൊരു ശിശുവാണ്, ഇവിടെ ഉള്ളത് ഒരു ശിശു തന്നെയാണ്! അല്ലാതെ ഇതൊരു പൂച്ചയോ, പരോപജീവിയോ അല്ല' തന്റെ ഉദരത്തില്‍ തൊട്ടുകൊണ്ട്‌ ആയിരങ്ങളെ സാക്ഷിനിര്‍ത്തി അബ്ബി ജോണ്‍സന്‍ പറഞ്ഞ ഈ വാക്കുകളെ വലിയ ആവേശത്തോടെയാണ് ജനം എതിരേറ്റത്.

“ടൈംസ് സ്ക്വയറിലും, ലോകമെമ്പാടമാടുമായി പതിനായിരങ്ങള്‍ ഒരു തല്‍സമയ അള്‍ട്രാസൗണ്ട് സ്കാനിംഗ് വീഡിയോ കാണുകയും ശ്രവിക്കുകയും ചെയ്ത നിമിഷം വിശുദ്ധവും, മനോഹരവുമാണ്. അബ്ബി ജോണ്‍സന്റെ ഉദരത്തിലെ കുരുന്നിന്റെ ഹൃദയമിടിപ്പ് നമ്മെ എല്ലാവരേയും കണ്ണീരിലാഴ്ത്തി” 'ഫോക്കസ് ഓണ്‍ ദി ഫാമിലി' സംഘടനയുടെ ട്വീറ്റ് ഇങ്ങനെയായിരിന്നു. “മനുഷ്യവംശത്തിന്റെ അന്തസ്സ് ഗര്‍ഭപാത്രത്തിലൂടെയാണ് ആരംഭിക്കുന്നതെന്ന് ലോകത്തെ മനസ്സിലാക്കി കൊടുത്തതിന് നന്ദി” എന്നു ‘ഫോക്കസ് ഓണ്‍ ദി ഫാമിലിക്ക്’ നന്ദി അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അബ്ബി ജോണ്‍സണ്‍ വ്യക്തമാക്കി.

വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൂമോ ഒപ്പ് വെച്ചതോടെ നിയമമാക്കിയ മാസം തികഞ്ഞ കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാനുള്ളള വിവാദ ബില്ലിനെതിരെയുള്ള പ്രതിഷേധമായാണ് ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രോലൈഫ് പരിപാടി സംഘടിപ്പിച്ചത്. ജന തിരക്കേറിയ മേഖലയില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രോലൈഫ് പരിപാടിയാണിതെന്നാണ് പങ്കെടുത്തവരുടെ പ്രതികരണം. അബ്ബി ജോണ്‍സന്റെ 4ഡി അള്‍ട്രാസൗണ്ട് സ്കാനിന്റെ വീഡിയോയും, ശിശുവിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദവും നവമാധ്യമങ്ങളില്‍ വൈറലാണ്.


Related Articles »