News - 2024

ഉദരങ്ങളെ കൊലക്കളമാക്കുന്ന ഗര്‍ഭഛിദ്ര നിയമഭേദഗതിക്കു ഓസ്ട്രേലിയന്‍ സംസ്ഥാനം

സ്വന്തം ലേഖകന്‍ 18-02-2019 - Monday

അഡ്ലെയിഡ്: ഓസ്ട്രേലിയിലെ അഡ്ലെയിഡിലെ സ്ത്രീകളുടെ ഉദരങ്ങളെ കൊലക്കളമാക്കി മാറ്റുന്ന അബോര്‍ഷന്‍ ലോ റിഫോം ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ. “ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ സ്നേഹവും, സംരക്ഷണവുമാണ് അര്‍ഹിക്കുന്നത്. അല്ലാതെ നാശമല്ല” എന്ന് പറഞ്ഞുകൊണ്ട് പോര്‍ട്ട്‌പിരി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മെത്രാന്‍ ഗ്രിഗറി ഒ’കെല്ലി എസ്.ജെയാണ് അബോര്‍ഷന്‍ ലോ റിഫോം ബില്ലിനെതിരെ സഭയുടെ പ്രതിഷേധമറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ബിഷപ്പ് തന്റെ രൂപതയിലെ വിശ്വാസികള്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഗര്‍ഭഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്ന ഈ ബില്‍ രാജ്യത്തെ ഏറ്റവും തീവ്രമായ അബോര്‍ഷന്‍ നിയമമായിരിക്കുമെന്നാണ് ബിഷപ്പ് പറയുന്നത്. 9 മാസം വരെയുള്ള ഗര്‍ഭം അലസിപ്പിക്കുവാന്‍ അനുവാദം നല്‍കുന്ന ബില്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സുരക്ഷിതത്വമാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു. യാതൊരു ധാര്‍മ്മിക പ്രാധാന്യവും കല്‍പ്പിക്കാതെ വെറുമൊരു മെഡിക്കല്‍ പ്രക്രിയയായിട്ടാണ് ഭ്രൂണഹത്യയെ ബില്‍ പരിഗണിക്കുന്നതെന്ന് ഫെബ്രുവരി 14-ന് വിശ്വാസികള്‍ക്ക് വിതരണം ചെയ്ത മെത്രാന്റെ കത്തില്‍ പറയുന്നു. ആരോഗ്യപരിപാലന ദാതാക്കളല്ലാത്തവര്‍ക്ക് പോലും ഏത് ഘട്ടത്തിലും, ഏത് മാര്‍ഗ്ഗമുപയോഗിച്ചും അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമഭേദഗതി.

അബോര്‍ഷനെ ക്രിമിനല്‍ ആക്ടില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം ആരോഗ്യസംബന്ധമായ നിയമങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. ‘അബോര്‍ഷന്‍ ആവശ്യപ്പെടുന്ന സ്ത്രീ ഏറ്റവും ചുരുങ്ങിയത് 2 മാസമെങ്കിലും തെക്കന്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നവളായിരിക്കണം’ എന്നത് പോലെയുള്ള നിബന്ധനകളും, അബോര്‍ഷന്‍ ക്ലിനിക്കുകളുടെ 150 മീറ്ററിനകത്തുള്ള പ്രതിഷേധങ്ങളും പുതിയ നിയമഭേദഗതി ഇല്ലാതാക്കുന്നുവെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രീന്‍സ് പാര്‍ട്ടി പ്രതിനിധിയായ ടാമി ഫ്രാങ്ക്സാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വരും ആഴ്ചകളില്‍ ഈ ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും വര്‍ഷാവസാനത്തോടെ ഈ ബില്‍ വോട്ടിംഗിനിടുമെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ മേഖലയിലെ പാര്‍ലമെന്റംഗത്തെ കണ്ട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് മെത്രാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമീപകാലത്ത് ക്വീന്‍സ്ലാന്‍ഡില്‍ ഇത്തരത്തിലൊരു ബില്‍ നിയമമായത് വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു.


Related Articles »