News - 2024

പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശു; റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ ചിത്രം വൈറല്‍

പ്രവാചകശബ്ദം 10-06-2023 - Saturday

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിലെ ഇരുകൈകളും കൊണ്ട് പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലിയോനാർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകള്‍ ചിത്രം ഏറ്റെടുക്കുകയായിരിന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 12 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ക്രൈസ്റ്റ് ദി റെഡീമർ ശില്പം തന്‍റെ ഇരുകൈകളിലും ചുമലിലുമായി പൂര്‍ണ്ണ ചന്ദ്രനെ താങ്ങി നിര്‍ത്തുന്ന ചിത്രം പകര്‍ത്താന്‍ നീണ്ട മൂന്ന് വർഷത്തെ പരിശ്രമമാണ് അദ്ദേഹം നടത്തിയത്.

കഴിഞ്ഞ ജൂൺ 4 നായിരുന്നു വൈറലായ ചിത്രമെടുത്തത്. ചിത്രം എടുക്കുന്നതിന് മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാൻ കഴിഞ്ഞ മൂന്ന് വർഷം ചെലവഴിച്ചതായി അദ്ദേഹം ബ്രസീലിയൻ മാധ്യമമായ ഔട്ട്ലറ്റ് ജി 1 നോട് പറഞ്ഞു. കോർകോവാഡോ പർവതത്തിന്റെ കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമർ ആഗോള തലത്തില്‍ ശ്രദ്ധയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. 1931 ല്‍ സ്ഥാപിച്ച ഈ ശില്പത്തിന്‍റെ ലക്ഷക്കണക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ചിത്രം.



ക്രൈസ്റ്റ് ദി റെഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (ഏതാണ്ട് 11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റൈറോയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. പൂര്‍ണ്ണ ചന്ദ്രനും ചിത്രത്തിന്‍റെ ആംഗിളും താന്‍ ഉദ്ദേശിച്ച രീതിയില്‍ വരുത്തുന്നതിനായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രമിച്ചുകൊണ്ടിരുന്നതെന്നും ഒടുവില്‍ കഴിഞ്ഞ ജൂണ്‍ നാലാം തിയതി താന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം പകര്‍ത്താന്‍ സാധിക്കുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രം വിവിധ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. 'ക്രൈസ്റ്റ് ദി റെഡീമര്‍" രൂപത്തിന് 38 മീറ്റര്‍ ഉയരവും, വിരിച്ചു പിടിച്ചിരിക്കുന്ന കൈകളും ചേര്‍ത്ത് 28 മീറ്റര്‍ ചുറ്റളവുമാണ് ഉള്ളത്.


Related Articles »