India - 2024

മദർ പേത്രയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു ആരംഭം

15-06-2023 - Thursday

പട്ടുവം (തളിപ്പറമ്പ്): സമ്പന്നതയുടെ മടിത്തട്ടുപേക്ഷിച്ച് വചനാധിഷ്ഠിത ജീവിതത്തിലൂടെ പട്ടുവത്തിന്റെ അമ്മയും ദൈവദാസിയുമായി മാറിയ മദർ പേത്രയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു പട്ടുവത്തെ ദീനസേവന സഭാ ആസ്ഥാനത്ത് തിരിതെളിഞ്ഞു. ദീനസേവന സന്യാസ സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ സ്മരണ നിലനിർത്തുന്ന വിവിധ കർമ പരിപാടികൾക്കാണ് ഇതോടെ തുടക്കമായത്.

ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എത്തിയ ഗോവ - ഡാമൻ ആർച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്റുമായ കർദ്ദിനാൾ ഫിലിപ്പ് നേരി, കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല എന്നിവരെ ദീനസേവന സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ എമസ്റ്റീനയും സിസ്റ്റേഴ്സും ചേർന്ന് സ്വീകരിച്ചു. മാലാഖയായി ജീവിച്ച് ദൈവദാസിയായി മാറിയ മദർ പേത്ര ദീനദാസിയെ മലബാറിന്റെ മദർ തെരേസയെന്ന് അഭിസംബോധന ചെയ്താണ് കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല സ്വാഗതം ആശംസിച്ചു. തുടർന്ന് കർദ്ദിനാളിന്റെ നേതൃത്വത്തിൽ നടന്ന കൃതജ്ഞത ബലിക്കിടെ ജന്മശതാബ്ദി ദീപം തെളിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ഫാ. ജോ മാത്യു എസ് ജെ എന്നിവരും നാൽപ്പതോളം വൈദികരും കൃതജ്ഞതാബലിയിൽ സഹകാർമികരായി. ജന്മശദാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം കർദ്ദിനാൾ നിർവഹിച്ചു. മദർ പേത്ര ദീനദാസിയുടെ കബറിടത്തിൽ പുഷ്പാർച്ചനയും നാമകരണ പ്രാർഥനയും നടന്നു. സിസ്റ്റർ വന്ദന രചിച്ച "ദൈവദാസി മദർ പേത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം കർദ്ദിനാൾ ഫിലിപ്പ് നേരി കണ്ണൂർ ബിഷപ്പിനു നൽകി നിർവഹിച്ചു. ദീന സേവന സന്യാസ സമൂഹം നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിക്കുള്ള ആദ്യഗഡു കർദ്ദിനാൾ വിതരണം ചെയ്തു.

പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽനിന്നു മികച്ച വിജയം നേടിയ കുട്ടികൾക്ക് മദർ പ്രേത എൻഡോവ്മെന്റ് കാഷ് അവാർഡ് വിതരണം ബിഷപ്പ് ഡോ.അലക്സ് വടക്കും തല നിർവഹിച്ചു. മദർ പ്രേത ജന്മശതാബ്ദി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം കർദിനാൾ നിർവഹിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.


Related Articles »