India - 2025
പട്ടുവം ദീനസേവനസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
സ്വന്തം ലേഖകന്‍ 02-06-2019 - Sunday
തളിപ്പറമ്പ്: കാരുണ്യപാതയില്‍ അഞ്ചു പതിറ്റാണ്ട് പിന്നിട്ട പട്ടുവം ദീനസേവനസഭ (ഡിഎസ്എസ്)യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ധന്യമായ സമാപനം. പട്ടുവം ഡിഎസ്എസ് ജനറലേറ്റില്‍ സഭാസ്ഥാപക ദൈവദാസി മദര്‍ പേത്രയുടെ പുണ്യസ്മരണകള്‍ നിറഞ്ഞ ആത്മീയാന്തരീക്ഷത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഭദ്രദീപം തെളിച്ച് സമാപന ആഘോഷം ഉദ്ഘാടനം ചെയ്തു. സഭാമേലധ്യക്ഷരും ജനപ്രതിനിധികളും വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും ഉള്‍പ്പെടുന്ന ആയിരങ്ങള്‍ പങ്കെടുത്തു.
ചടങ്ങില്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സുവനീര്‍ പ്രകാശനം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാന കര്‍മം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം നിര്‍വഹിച്ചു. 'കനിവിന്റെ മാലാഖ'എന്നപേരിലുള്ള സിഡി പ്രകാശനം ഝാന്‍സി ബിഷപ്പ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍ നിര്‍വഹിച്ചു. മദര്‍ പേത്രയുടെ സ്വകാര്യ ഡയറിയുടെ പുസ്തകരൂപം 'സ്പിരിച്വല്‍ കൊളോക്വിസ്' കര്‍ണൂല്‍ ബിഷപ് ഡോ. ആന്റണി പൂള പ്രകാശനം ചെയ്തു. ദൈവദാസി മദര്‍ പേത്രയ്‌ക്കൊപ്പം സഭയുടെ ആദ്യബാച്ചില്‍ ഉണ്ടായിരുന്ന എട്ടുപേരില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന അഞ്ച് കന്യാസ്ത്രീകളെ കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആദരിച്ചു.
മൈസൂരു ബിഷപ്പ് ഡോ. കെ.എ. വില്യം ആന്റണി ഡോക്യുഫിക്ഷന്‍ പുറത്തിറക്കി. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, സണ്ണി ജോസഫ് എംഎല്‍എ, അഡ്വ. സി.എസ്. ഡയസ്, ഈശോ സഭ കേരള പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. എം.കെ. ജോര്‍ജ് എസ്‌ജെ, ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വീണ യുഎംഐ, തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍, സി.ജെ. റോമിഡ്, പട്ടുവം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.