News - 2025
ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍
പ്രവാചകശബ്ദം 23-06-2023 - Friday
നിനവേ: ഇറാഖിൽ ക്രൈസ്തവ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നിനവേ പ്രവിശ്യയിൽ ജനസംഖ്യ ഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ക്രൈസ്തവ വിശ്വാസികൾ നയിക്കുന്ന അഞ്ചു രാഷ്ട്രീയ പാർട്ടികൾ. കൽദായ, അസ്സീറിയൻ, സിറിയൻ വിഭാഗങ്ങളിൽപ്പെട്ട ക്രൈസ്തവർ നൂറ്റാണ്ടുകളായി ജീവിക്കുന്ന പ്രദേശമാണ് ഇവിടം. നിനവേ പ്രവിശ്യയിലെ താൽക്കീഫ് ജില്ലയിൽ ഭൂമി വിൽപ്പന അധികൃതർ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത് വാങ്ങുന്നവർ ക്രൈസ്തവ വിശ്വാസികളോ, ഈ പ്രദേശത്തുള്ളവരോ അല്ലെന്നും അഞ്ചു പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
ഇത് ഭരണഘടനക്കും, സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായ കാര്യമാണ്. പുറമേ മറ്റ് എന്തു അവകാശവാദം പറഞ്ഞാലും, ഭരണം കൈയാളുന്ന നിരവധി ആളുകളുടെ മനസ്സിൽ വിഭാഗീയതയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാഖിലെ ക്രൈസ്തവ വിശ്വാസികൾ കാലങ്ങളായി ജീവിക്കുന്ന സ്ഥലത്തെ ജനസംഖ്യ ഘടനയിൽ മാറ്റം കൊണ്ടുവരാൻ നടത്തുന്ന ശ്രമം നിർത്തിവെപ്പിക്കണമെന്ന് പ്രസ്താവനയിൽ ഒപ്പിട്ടവർ, പ്രധാനമന്ത്രിയോടും, പൊതുമരാമത്ത്, കെട്ടിട നിർമ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയോടും ആവശ്യപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നിനവേ പ്രവിശ്യയിൽ അക്രമണം അഴിച്ചു വിട്ട സമയത്ത് ഇവിടെനിന്ന് പലായനം ചെയ്ത ക്രൈസ്തവ വിശ്വാസികൾ തിരികെ വരാനും, ഇപ്പോൾ ഇവിടെ ജീവിക്കുന്ന ക്രൈസ്തവർ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് തടയിടാനും പ്രവിശ്യയുടെ വിവിധ സ്ഥലങ്ങളിൽ മുൻസിപ്പൽ വകുപ്പുകളും, മറ്റ് ഭരണം നിർവഹണ സ്ഥാപനങ്ങളും തുടങ്ങണമെന്ന് ക്രൈസ്തവ പ്രതിനിധികൾ നിർദ്ദേശം മുന്നോട്ടുവെച്ചു.
സമാധാനത്തോടുകൂടിയുള്ള സഹവർത്തിത്വത്തെയും, ദേശീയ ഐക്യത്തെയും ദുർബലമാക്കാൻ ശ്രമിക്കുന്ന വിഭാഗീയ മനോഭാവത്തെ ചെറുക്കണമെന്ന് പാർട്ടി നേതാക്കൾ ക്രൈസ്തവ വിശ്വാസികളോട് ആവശ്യപ്പെട്ടു. അസീറിയൻ ഡെമോക്രാറ്റിക് മൂവ്മെന്റ്, നാഷണൽ യൂണിയൻ ഓഫ് ബത്ത് നഹ്‌റൈൻ, അപ്‌ന അൽ നഹ്റൈൻ പാർട്ടി, ദി ചാൾഡിയൻ അസീറിയൻ സിറിയക് പോപ്പുലർ കൗൺസിൽ, അസീറിയൻ നാഷണൽ പാർട്ടി എന്നിവയുടെ പ്രതിനിധികളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.