News

ഗർഭഛിദ്രത്തെ കുറിച്ച് ആഫ്രിക്കയില്‍ ഭയപ്പെടുത്തുന്ന ഭീകരമായ നിശബ്ദത: ദുഃഖം പങ്കുവെച്ച് വൈദികൻ

പ്രവാചകശബ്ദം 27-06-2023 - Tuesday

ബ്രാസാവില്ലേ: ആഫ്രിക്കയിൽ അരങ്ങേറുന്ന ഗർഭഛിദ്രങ്ങളിൽ ഭീകരമായ നിശബ്ദതയാണ് ഉള്ളതെന്ന് കോംഗോയിലെ കത്തോലിക്ക വൈദികൻ. ജൂൺ 19ന് ഇഡബ്യുടിഎനു നൽകിയ അഭിമുഖത്തിൽ കോംഗോയിലെ ഇമ്പോജിമായി യൂണിവേഴ്സിറ്റിയുടെ റെക്ടർ ഫാ. അപ്പോളിനേർ സിബാക്ക സികോംഗോയാണ് ഭ്രൂണഹത്യയെ സംബന്ധിച്ച് ആഫ്രിക്കയിൽ നിലനിൽക്കുന്ന പൊതുവായ നിശബ്ദതയെ അപലപിച്ചുകൊണ്ട് രംഗത്തുവന്നത്. പോൾ ആറാമൻ മാർപാപ്പയുടെ ഹ്യൂമാനെ വിറ്റ എന്ന ചാക്രിക ലേഖനത്തിൽ വിശദീകരിക്കുന്നത് പോലെ മരണ സംസ്കാരത്തിനെതിരെ പോരാടേണ്ടതിന്റെയും ജീവനെ ആദരിക്കേണ്ടതിന്റെയും ആവശ്യകത വളരെ വലുതാണെന്ന് ജീവന്‍ നശിപ്പിച്ചുക്കൊണ്ടുള്ള ആഫ്രിക്കയിലെ ഇടപെടലുകള്‍ ചിലപ്പോഴൊക്കെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഏപ്രിൽ 11നും മെയ് 11നും ഇടയ്ക്ക് 200 സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനു വേണ്ട പരിചരണം ലഭിച്ചുവെന്ന് അടുത്തയിടെ യുഎൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരിന്നു. അതിന്റെ അർത്ഥം ഇരുനൂറിലധികം കുട്ടികൾ ഈ പ്രദേശത്തു തന്നെ കൊല്ലപ്പെട്ടുവെന്നാണ്. അബോര്‍ഷൻ ചെയ്യുന്ന ഈ ആളുകൾ തെറ്റാണെന്ന വിചാരത്തോടെ അല്ല അങ്ങനെ ചെയ്യുന്നത്. ഈ കുട്ടികൾ ആവശ്യമില്ലാത്തതാണെന്നാണ് അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. ഈ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ ഏക അഭിപ്രായം ഇല്ല. അതേസമയം പൊതുവായ നിശബ്ദതയെ മുതലെടുക്കുന്ന ഒരു സംസ്കാരം നിലനിൽക്കുന്നുണ്ടെന്നും സികോംഗോ പറഞ്ഞു.

"വിഷയത്തില്‍ സഭക്കുള്ളിൽ പോലും നിശബ്ദതയുണ്ട്, ഉദാഹരണത്തിന്, 200 കുട്ടികൾ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ടു. എന്നാൽ സഭ അതിനെക്കുറിച്ച് ഒന്നും പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഈ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. ചിലപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദത സഭാവിശ്വാസികൾ സേവനം ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കുകളിലേക്കും വ്യാപിക്കുന്നു, ഇത് ആഫ്രിക്കയിലെ സ്ത്രീകളുടെ ഇടയിൽ ഗർഭഛിദ്രത്തിന്റെയും ഗർഭനിരോധന മാർഗ്ഗങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ചിലപ്പോൾ ഇത് അറിവില്ലായ്മ കൊണ്ടാണ്'', ആശുപത്രിക്ക് സബ്‌സിഡി ലഭിക്കണമെങ്കിൽ, ഗർഭനിരോധനവും ഗർഭഛിദ്രവും ഉൾപ്പെടുന്ന സഹായം അവർ സ്വീകരിക്കേണ്ട സാഹചര്യം പോലുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏറ്റവും വിദൂര ഗ്രാമങ്ങളിൽ, മൈക്രോസ്കോപ്പുകൾ പോലുമില്ലെങ്കിലും ഗർഭനിരോധന മാര്‍ഗ്ഗങ്ങളും ഗുളികകളും വേണ്ടത്രയുള്ള ആരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ആളുകൾക്ക് ഉള്ള രോഗങ്ങൾ തിരിച്ചറിയുന്നതിനു പകരം ജീവനെതിരെ പോരാടുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പതിറ്റാണ്ടുകളായി അക്രമാസക്തമായ സംഘർഷങ്ങളാൽ കഷ്ടപ്പെടുന്ന കോംഗോയിൽ ജീവന്റെ വിശുദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് ഹ്യൂമാനെ വിറ്റേ ചാക്രിക ലേഖനം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും വിതരണം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങളുടെ സ്വാധീനത്തിൽ പെട്ട പുതിയ തലമുറയെ നേർവഴിക്കു നയിക്കാൻ നാം ഉണർന്നില്ലെങ്കിൽ, മരണത്തിന്റെ സംസ്കാരവും ലൈംഗികതയുടെ നശീകരണവും സ്ത്രീ പുരുഷ ബന്ധത്തിന്റെ തകർച്ചയും ചേർന്ന് വികൃതമാക്കപ്പെട്ട ഒരു സമൂഹമായി നാം മാറുമെന്നും വൈദികന്‍ മുന്നറിയിപ്പ് നൽകി. സമ്മർദ്ധത്തിനു മുമ്പിലാണ് ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത്. ലൈംഗികതയുടെ മൂല്യവും, ജീവനെ ആശ്ലേഷിക്കേണ്ടതും നിർണായകമാണ്. ഹ്യൂമാനെ വിറ്റേയിൽ നിന്ന് നമ്മൾ പഠിക്കേണ്ട കാര്യങ്ങളാണിവയെന്നും ഫാ. സിക്കോംഗോ പറഞ്ഞു. റോമിൽ അടുത്തിടെ നടന്ന ഹ്യൂമാനെ വിറ്റയെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ ഫാ. അപ്പോളിനേർ സിബാക്ക സികോംഗോ പ്രഭാഷണം നടത്തിയിരിന്നു.


Related Articles »