India - 2024

മണിപ്പൂരിൽ കലാപം നിയന്ത്രിക്കാന്‍ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം: കെസിബിസി

പ്രവാചകശബ്ദം 06-07-2023 - Thursday

കൊച്ചി: മണിപ്പൂരിൽ കലാപങ്ങൾ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. മണിപ്പുർ ജനതയോട് ഐക്യദാർഢ്യമറിയിച്ച് കെസിബിസിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ ഭാരതത്തിന്റെ യശസ് ഉയർത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പൂരിലും മറ്റും നടക്കുന്നത്. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകവും ഉചിതവുമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സീറോ മലബാർ സഭാ പിആർഒ റവ. ഡോ. ആന്റണി വടക്കേക്കര, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ഫ്രാൻസിസ് മൂലൻ, ഫാ. ടോണി കോഴിമണ്ണിൽ, ബിജു ജോസി, ബെന്നി ആന്റണി, ലിബിൻ മുരിങ്ങത്ത്, സി.ജെ. പോൾ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര എന്നിവർ പ്രസംഗിച്ചു.


Related Articles »