News - 2024

കർദ്ദിനാൾ സംഘത്തിലേക്ക് 21 പേരെ കൂടി പ്രഖ്യാപിച്ച് പാപ്പ: പട്ടികയില്‍ മലയാളി വേരുകളുള്ള മലേഷ്യന്‍ മെത്രാനും

പ്രവാചകശബ്ദം 10-07-2023 - Monday

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദ്ദിനാൾ സംഘത്തിലേക്ക് മലയാളി വേരുകകളുള്ള മലേഷ്യന്‍ മെത്രാനുൾപ്പെടെ 21 പേര്‍. മലേഷ്യയിലെ പെനാംഗ് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഒല്ലൂരില്‍ മേച്ചേരി കുടുംബാംഗമാണ്. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽ നിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ.

സെപ്റ്റംബർ 30നു ചേരുന്ന കൺസിസ്റ്ററിയിൽവെച്ച് പുതിയ കർദ്ദിനാൾമാർക്ക് സ്ഥാനചിഹ്നങ്ങൾ നല്‍കും. പെനാംഗിലെ അഞ്ചാമത്തെ ബിഷപ്പാണ് അദ്ദേഹം. ചുമതലയേറ്റ് പതിനൊന്നാം വാർ ഷികവേളയിലാണ് കർദിനാളായി ഉയർത്തപ്പെടുന്നത്. 2012 ജൂലൈ ഏഴിനായിരുന്നു ബിഷപ്പായി നിയമിതനായത്. കഴിഞ്ഞ വര്‍ഷം തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ജൂബിലിയുടെ സമാപനത്തിന് പാലയൂരിലെ മഹാ തീർത്ഥാടനവേദിയിൽ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് വന്നിരുന്നു.

ആർച്ച് ബിഷപ്പുമാരായ പിയർബാറ്റിസ്റ്റ പിസാബല്ലാ (ഇറ്റലി), എമിൽ പോൾ ചെറിഗ് (സ്വിറ്റ്സർലൻഡ്), ഹൊസേ കോബോ കാനോ (സ്പെയിൻ), സ്റ്റീഫൻ ബിസ്മിൻ (സൗത്ത് ആഫ്രിക്ക), ക്ലൗദിയോ ഗുജറോത്തി (ഇറ്റലി), റോബർട്ട് ഫ്രാൻസിസ് വോസ്റ്റ് (യുഎസ്എ), വിക്ടർ മാന്വൽ ഫെർണാണ്ടസ് (അർജന്റീന), ക്രിസ്റ്റോഫ് ലയിയീവ്സ് ജോർജ്(ഫ്രാൻസ്), ഏഞ്ചൽ സി ക്സ്റ്റോ റോസ്സി (അർജന്റീന), ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (കൊളമ്പിയ), ഗ്രെഗോർ റിസ് (പോളണ്ട്), സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ലാ (സൗത്ത് സുഡാൻ), പാത്താ റുഗംബ്വാ (ടാൻസാനിയ), ബിഷപ്പുമാരായ സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന), ഫ്രാൻസ്വാ-സവിയേ ബുസ്തിയോ (ഫ്രാൻസ്), അമെരിക്കോ മാന്വൽ ആൽവെസ് അഗ്വിയാർ (പോർച്ചുഗൽ), ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിലെ (സലേഷ്യൻ സുപ്പീരിയർ ജനറൽ, സ്പെയിൻ) എന്നിവരാണ് പുതിയ മറ്റു കർദ്ദിനാളുമാർ.

ഫ്രാൻസിസ് മാർപാപ്പ ഇതുവരെ എട്ടു പ്രാവശ്യമായി, 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദ്ദിനാളുമാരായി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴുള്ള കർദ്ദിനാൾ സംഘത്തിലെ 121 പേർ ക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവകാശമുള്ളത്. ഈ വർഷാവസാനത്തോടെ ഏഴു പേർക്കുകൂടി 80 വയസ് പൂർത്തിയാകും. സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ റെക്കോര്‍ഡ് ഫ്രാന്‍സിസ് പാപ്പയുടെ പേരിലാണ്.


Related Articles »