News - 2025
ജെറുസലേമിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ്
പ്രവാചകശബ്ദം 11-07-2023 - Tuesday
ജെറുസലേം: ജെറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ്. ഇത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ സ്ഥലങ്ങൾക്കും ഇസ്രായേലിലെ വൈദികര്‍ക്കെതിരായും നടക്കുന്ന ചെറുതും വലുതുമായ അക്രമത്തെ പൂർണ്ണമായും അപലപിക്കുന്നുവെന്നും സയണിസ്റ്റ് ദർശകനായ തിയോഡോർ ഹെർസലിന്റെ സംസ്ഥാന അനുസ്മരണ ചടങ്ങിൽ ഹെർസോഗ് പറഞ്ഞു.
പള്ളികളും സെമിത്തേരികളും അശുദ്ധമാക്കുന്നതു ഉൾപ്പെടെയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഇത് അവസാനിപ്പിക്കാൻ ഇസ്രായേൽ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. വിപരീതമായ ഈ യാഥാർത്ഥ്യം അവസാനിപ്പിക്കാൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തും. ആക്രമണം തങ്ങൾക്ക് തികച്ചും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹൻ ഈയാഴ്ച വത്തിക്കാൻ സന്ദർശിക്കാനിരിക്കെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജെറുസലേമിൽ വൈദികര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നിരവധി ആക്രമണ സംഭവങ്ങൾ വളരെക്കാലമായി നടക്കുന്നുണ്ടെങ്കിലും, സമീപ മാസങ്ങളിൽ ആക്രമണങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് ആക്രമണം ഉണ്ടായിരിന്നു.