News
വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് ഒരുക്കിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു
പ്രവാചകശബ്ദം 11-07-2023 - Tuesday
ലോസ് ഏഞ്ചലസ്: ദിവ്യകാരുണ്യ നാഥനെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച സഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു. ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ ഞായറാഴ്ച കുര്‍ബാനകളുടെ തത്സമയ സംപ്രേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പാട്രിക് മാഗട്ടാണ് ഈ പ്രദര്‍ശനങ്ങള്‍ ഹോളിവുഡില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. മാഗട്ട് ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ബസിലിക്ക സന്ദര്‍ശിച്ചതാണ് ഈ പ്രദര്‍ശനം ഹോളിവുഡിലെത്തുവാന്‍ കളമൊരുങ്ങിയത്.
വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് സൃഷ്ടിച്ച വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള നൂറിലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിന് ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ ജൂണ്‍ 1നാണ് തുടക്കമിട്ടത്. ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിന് പുറമേ ലോസ് ഏഞ്ചലസ് അതിരൂപതയിലെ മുപ്പതിലധികം ഇടവകകളിലും പ്രദര്‍ശനം നടക്കും. ഇത്രയധികം ഇടവകകള്‍ പ്രദര്‍ശനം നടത്തുവാന്‍ സമ്മതിക്കുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലായെന്നു ക്രൈസ്റ്റ് ദി കിംഗ് ഇടവക വികാരിയും, അതിരൂപതയുടെ ദിവ്യകാരുണ്യ ആരാധനാ കാര്യാലയത്തിന്റെ ഡയറക്ടറുമായ ഫാ. ജുവാന്‍ ഒച്ചോവ പറഞ്ഞു.
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് കാര്‍ളോ സൃഷ്ടിച്ച വെബ്സൈറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ഇതിനോടകം ലോകമെമ്പാടുമുള്ള മൂവായിരത്തോളം ഇടവകകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഈ പ്രദര്‍ശനം നടത്തുന്ന കാലിഫോര്‍ണിയയിലെ ആദ്യ രൂപതയാണ് ലോസ് ഏഞ്ചലസ്. ലണ്ടനില്‍ ജനിച്ച് ഇറ്റലിയില്‍ വളര്‍ന്ന കംപ്യൂട്ടര്‍ പരിജ്ഞാനിയായ കാര്‍ളോ, വലിയ ദിവ്യകാരുണ്യ ഭക്തനായിരിന്നു. ലുക്കീമിയ ബാധിച്ച് 2006-ലാണ് മരണപ്പെടുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ അഗാധമായി സ്നേഹിച്ചിരുന്ന കാര്‍ളോയുടെ ആഗ്രഹപ്രകാരമാണ് അസീസിയില്‍ അടക്കം ചെയ്തത്.
