News

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെയും ദിവ്യകാരുണ്യ അത്ഭുതങ്ങളെയും കേന്ദ്രമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന്

പ്രവാചകശബ്ദം 30-10-2023 - Monday

മാഡ്രിഡ്: തിരുസഭയുടെ സൈബര്‍ അപ്പസ്തോലന്‍ എന്ന വിശേഷണമുള്ള ദിവ്യകാരുണ്യ ഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ‘ദി ഹാര്‍ട്ട്ബീറ്റ് ഓഫ് ഹെവന്‍’ എന്ന ഡോക്യുമെന്ററി സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിനെത്തുന്നു. നവംബര്‍ 17-നാണ് സിനിമ സ്പെയിനില്‍ പ്രദര്‍ശിപ്പിക്കുക. 'ഹെവന്‍ കാണ്ട് വെയിറ്റ്' എന്ന പ്രശസ്തമായ സിനിമയുടെ നിര്‍മ്മാതാവായ ജോസ് മരിയ സവാല നിര്‍മ്മിക്കുന്ന ആറാമത്തെ ഡോക്യുമെന്ററി സിനിമയാണിത്‌. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ പിതാവായ ആന്‍ഡ്രീ അക്യൂട്ടിസിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന സിനിമയില്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ സ്വന്തം ശബ്ദത്തില്‍ പതിഞ്ഞ ചില ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഴ്ത്തപ്പെട്ട കാര്‍ളോയുടെ കുമ്പസാരകന്‍, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍, കാര്‍ളോയുടെ വീട്ടിലെ ജോലിക്കാരനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നും കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്ത രാജേഷ് മോഹര്‍ എന്നിവരും സിനിമയുമായി സഹകരിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍വെച്ച് ഷൂട്ട്‌ ചെയ്ത ഡോക്യുമെന്ററി സിനിമയില്‍ ഈ അത്ഭുതങ്ങളെ കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കുകയും, ഇതിലെ പരീക്ഷണ ഫലവും ടൂറിനിലെ തിരുകച്ചയില്‍ കണ്ടെത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഫലവും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിയ ശാസ്ത്രജ്ഞന്‍മാരെയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് വിവരിച്ചുകൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റ് ഏതാണ്ട് ഇരുപതോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരിന്നു. ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള ഏതാണ്ട് നൂറോളം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, മാര്‍ഗരറ്റ് മേരി അലകോക്ക്, ഫ്രാന്‍സിസ് അസീസി, ക്ലെയര്‍ വോക്സിലെ ബെര്‍ണാര്‍ഡ്, ജോണ്‍ ബോസ്കോ, തോമസ്‌ അക്വിനാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശുദ്ധരും ദിവ്യകാരുണ്യവും തമ്മിലുള്ള പ്രത്യേക ബന്ധത്തേക്കുറിച്ചും സൈറ്റില്‍ വിവരിക്കുന്നുണ്ട്.


Related Articles »