News - 2024

ഭ്രൂണഹത്യ വിരുദ്ധ ഭേദഗതികളുമായി അമേരിക്കൻ ജനപ്രതിനിധിസഭ സൈനിക ബഡ്ജറ്റ് പാസാക്കി

പ്രവാചകശബ്ദം 17-07-2023 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ സൈന്യത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് വേണ്ടിയുള്ള 886 ബില്യൺ ഡോളറിന്റെ ബഡ്ജറ്റില്‍ ഭ്രൂണഹത്യ വിരുദ്ധ ഭേദഗതികളുമായി ജനപ്രതിനിധിസഭ. വിവിധ ഭേദഗതികളോട് കൂടിയാണ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പാസാക്കിയത്. ഭ്രൂണഹത്യയ്ക്കു വേണ്ടി യാത്ര ചെയ്യാൻ പണം അനുവദിക്കുന്നതും, ലിംഗമാറ്റ ശസ്ത്രക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഭേദഗതികളാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ബില്ലിൽ ഉൾക്കൊള്ളിച്ചത്. ബില്ലിന് അനുകൂലമായി 219 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 210 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു.

സാധാരണയായി ഇരു പാർട്ടികളിലെയും വലിയ ഒരു ശതമാനം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാറുണ്ടെങ്കിലും, വിവാദ ഭേദഗതികൾ മൂലമാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ ശതമാനം കുറഞ്ഞത്. ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം റോണി ജാക്സനാണ് സൈന്യത്തിൽ ഉള്ളവർ ഭ്രൂണഹത്യ നടത്താൻ യാത്ര ചെയ്യുന്നതിന് പണം അനുവദിക്കുന്നത് നിർത്തലാക്കാൻ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പാസാക്കിയതില്‍ നാഷ്ണൽ റൈറ്റ് ടു ലൈഫ് പ്രോലൈഫ് സംഘടന ആഹ്ളാദം പ്രകടിപ്പിച്ചു. ടാക്സ് അടയ്ക്കുന്നവരുടെ പണം നിയമവിരുദ്ധമായി ഭ്രൂണഹത്യയ്ക്കു വേണ്ടി യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്നത് തടയാൻ പരിശ്രമം നടത്തിയ ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങളെ സംഘടനയുടെ അധ്യക്ഷൻ കരോൾ തോബിയാസ് അഭിനന്ദിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് തടയാൻ മൊണ്ടാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മാത്യു റോസൻഡെയിലാണ് ഭേദഗതി കൊണ്ടുവന്നത്. രണ്ടു ഭേദഗതികൾക്കും അനുകൂലമായി എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് ചെയ്തു. നാഷ്ണൽ ഡിഫൻസ് അതോറൈസേഷൻ ആക്ട് അമേരിക്കൻ സെനറ്റും വരുന്ന ദിവസങ്ങളിൽ പരിഗണനക്ക് എടുക്കും. എന്നാൽ ഡെമോക്രാറ്റിക് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രോലൈഫ് നയങ്ങൾ പാസാക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും പ്രസിഡന്റ് ബില്ലിൽ ഒപ്പുവെക്കുക. ഭരണതലങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളില്‍ അമേരിക്കന്‍ കത്തോലിക്ക സഭ സ്വാഗതം ചെയ്യാറുണ്ട്.


Related Articles »