News - 2025
മണിപ്പൂർ പ്രതിസന്ധി യുകെ പാർലമെന്റിലും; ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി
പ്രവാചകശബ്ദം 25-07-2023 - Tuesday
ലണ്ടന്‍: മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസ്. മെയ് മാസത്തിനുശേഷം നൂറോളം ക്രൈസ്തവ ദേവാലയങ്ങൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടുവെന്നും, നൂറോളം ആളുകൾ കൊല്ലപ്പെട്ടുവെന്നും 50,000ത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടക്കുന്നതാണെന്ന സംശയവും പങ്കുവെച്ചു. മതപരമായ ഒരുവശം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫിയോണ, വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഇംഗ്ലണ്ടിലെ സഭക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നുള്ള ചോദ്യവും ഉന്നയിച്ചു.
ബിബിസി ലേഖകനായ ഡേവിഡ് കമ്പാനെയിൽ, ഫിയോണ ബ്രൂസ് അധ്യക്ഷയായിട്ടുള്ള ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം ഓഫ് ബ്രീഫ് അലയൻസിന് വേണ്ടി തയാറാക്കിയ റിപ്പോർട്ട് മുൻനിർത്തിയാണ് ജനസഭയിൽ മണിപ്പൂർ വിഷയം ഉന്നയിക്കപ്പെട്ടത്. മണിപ്പൂർ കലാപത്തിലേക്ക് കൂടുതൽ ശ്രദ്ധ ലഭിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അക്രമത്തിന്റെ ഇരകളിൽ നിന്നും, സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ സർക്കാർ ആവശ്യത്തിന് പട്ടാളക്കാരെ അയക്കണമെന്നുളള നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്.
മാധ്യമപ്രവർത്തകർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും, വിച്ഛേദിക്കപ്പെട്ട ഇൻറർനെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മണിപ്പൂരിൽ രണ്ട് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് രണ്ടുദിവസങ്ങൾക്കുശേഷമാണ് വിഷയത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റും പ്രമേയം പാസാക്കിയിരുന്നു.