News - 2025
ലിസ്ബണിലെ ലോക യുവജന സംഗമത്തിന് ഇന്ത്യയില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍
പ്രവാചകശബ്ദം 22-07-2023 - Saturday
ന്യൂഡല്‍ഹി: ആഗസ്റ്റ് 1 മുതല്‍ 6 വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഭാരതത്തില്‍ നിന്നും ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) യുവജന കാര്യാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 900 യുവജനങ്ങളും, 241 ഉദ്യോഗസ്ഥരും അവരുടെ അനിമേറ്റര്‍മാരുമാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരിക്കുക. ജീസസ് യൂത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും മറ്റും ഇതിനോടകം തന്നെ ലിസ്ബണിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞതായി സിബിസിഐ യൂത്ത് വിഭാഗം സെക്രട്ടറിയായ ഫാ. ചേതന്‍ മച്ചാഡോ പറഞ്ഞു.
യൂത്ത് വിഭാഗം റീജിയണല്‍ സെക്രട്ടറി ഫാ. മാര്‍ട്ടിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നും 24 പേരടങ്ങുന്ന ഒരു സംഘം ജൂലൈ 18ന് പോര്‍ച്ചുഗലിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. തമിഴ് സംഘം ലിസ്ബണില്‍വെച്ച് ദേശീയ സംഘവുമായി ചേരുമെന്നു സംഘത്തിലുള്ള പോണ്ടിച്ചേരി അതിരൂപതയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായ ഫാ. എ. അര്‍പുതരാജ് പറഞ്ഞു. ഇപ്പോള്‍ ഇറ്റലിയിലെ മിലാനിലുള്ള സംഘം ഏതാനും ദിവസം ഇറ്റലിയില്‍ തീര്‍ത്ഥാടനം നടത്തിയ ശേഷമാണ് ലിസ്ബണിലേക്ക് പോവുക. ഫാ. ഇഗ്നേഷ്യസ് ഡി’സൂസ, ഫാ. മച്ചാഡോ എന്നിവരുടെ നേതൃത്വത്തിലുള്ള ബറേലി സംഘം ജൂലൈ 25-നാണ് യാത്ര തിരിക്കുന്നത്.
ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. “മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു” (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ ഇക്കൊല്ലത്തെ ലോക യുവജന ദിനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.