News - 2025

ഭാരതത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, കണ്ണടയ്ക്കാൻ കഴിയില്ല: യൂറോപ്യൻ യൂണിയന്‍

പ്രവാചകശബ്ദം 24-07-2023 - Monday

സ്ട്രാസ്ബര്‍ഗ്: മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു.

ഹൈന്ദവ വിശ്വാസികൾ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗവും, ക്രൈസ്തവർ കൂടുതലുള്ള കുക്കി വിഭാഗവും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങളിൽ ഇതുവരെ നൂറ്റിയിരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. അന്‍പതിനായിരത്തോളം ആളുകൾക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 250 ദേവാലയങ്ങളാണ് അക്രമികൾ തകർത്തത്. അവ സംഘടിത അക്രമങ്ങളാണ്. ഈ കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇൻറർനെറ്റ് വിലക്ക് നീക്കണമെന്നും യൂറോപ്യൻ പാർലമെന്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകർക്കും, സന്നദ്ധ സംഘടനകൾക്കും, അന്താരാഷ്ട്ര നിരീക്ഷകർക്കും സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണ് യൂറോപ്യൻ പാർലമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പറഞ്ഞു വിഷയത്തിൽ നിന്നു തെന്നിമാറാനാണ് ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചിരിക്കുന്നത്. ഇന്ത്യയിൽ തുടരുന്ന മതസ്വാതന്ത്ര്യ നിയന്ത്രണങ്ങളുടെ ലക്ഷണമാണ് മണിപ്പൂരിൽ കാണാൻ സാധിക്കുന്നതെന്ന് അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് നിയമസഹായം നൽകുന്ന എഡിഎഫ് ഇന്റർനാഷണൽ എന്ന സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂരിലെ വിഷയ പരിഹാരം മാത്രമല്ല, മതസ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന നിയമങ്ങളും, നയങ്ങളും തുടച്ചുനീക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയെടുക്കേണ്ട സമയവും അതിക്രമിച്ചുവെന്ന് സംഘടനയുടെ സീനിയർ കൗൺസിൽ ചുമതല വഹിക്കുന്ന ഡോ. അദീന പോർത്താരു പറഞ്ഞു. ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പൺ ഡോർസ് എന്ന സംഘടന ഏറ്റവും ഒടുവിൽ പുറത്തുവിട്ട വാർഷിക പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.


Related Articles »