News - 2025

ആഗോള കത്തോലിക്ക യുവജന സംഗമത്തിനു പോർച്ചുഗലില്‍ നാളെ തുടക്കം

പ്രവാചകശബ്ദം 31-07-2023 - Monday

ലിസ്ബൺ: 151 രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിനു നാളെ തുടക്കമാകും. പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ നടക്കുന്ന സംഗമം ഓഗസ്റ്റ് 6 വരെ നീളും. ഇന്ത്യയില്‍ നിന്ന്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബൺ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്നും 75 മൈലുകൾ മാത്രം അകലെയാണ്.

ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. “മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു” (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. നാളെ മുതല്‍ മുതൽ നാലാം തീയതി വരെ യുവജന സംഗമ വേദിയിൽ റികൺസിലിയേഷൻ പാർക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് യുവജനങ്ങള്‍ക്ക് കുമ്പസാരിക്കാൻ 150 കുമ്പസാരക്കൂടുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കുമ്പസാരം കേൾക്കാനായി 2600 വൈദികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.


Related Articles »