News

ക്രിസ്തു വിശ്വാസത്തില്‍ ജ്വലിച്ച് ലോക യുവജന സംഗമത്തിന് സമാപനം: സമാപന ബലിയില്‍ പങ്കെടുത്തത് 15 ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 07-08-2023 - Monday

വത്തിക്കാന്‍ സിറ്റി: നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ സമാപന ദിനമായ ഇന്നലെ ഞായറാഴ്ച പോർച്ചുഗീസ് തലസ്ഥാനത്തെ നദീതീരത്തെ പാർക്കിൽ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ യുവജനങ്ങളും വിശ്വാസികളുമായി 1.5 ദശലക്ഷം പങ്കെടുത്തുവെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണമെന്നു വിശുദ്ധകുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ പാപ്പ ആഹ്വാനം ചെയ്തു.

രാത്രിയുടെ അന്ധകാരത്തെ, ജീവിതത്തിലെ വെല്ലുവിളികളെ, നമ്മെ അസ്വസ്ഥതയിലാഴ്ത്തുന്ന ആശങ്കകളെ, നമ്മെ പലപ്പോഴും വലയംചെയ്യുന്ന ഇരുളിനെ നേരിടാൻ നമുക്കും വെളിച്ചം ആവശ്യമാണ്. ഈ വെളിച്ചത്തിന് ഒരു പേരുണ്ടെന്ന് സുവിശേഷം നമ്മോട് പറയുന്നു. ഒരിക്കലും അസ്തമിക്കാത്തതും നിശയുടെ ഇരുളിലും പ്രകാശിക്കുകയും ചെയ്യുന്ന വെളിച്ചമായ ക്രിസ്തുവാണ് അത്. ക്രിസ്തുവിനാൽ പ്രകാശിതരായി, നമ്മളും "രൂപാന്തരം പ്രാപിച്ചു".

നമ്മുടെ കണ്ണുകളും മുഖങ്ങളും നവമായ വെളിച്ചത്താൽ വിളങ്ങട്ടെ. സഹോദരീ സഹോദരന്മാരേ, സഭയും ലോകവും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്: അതായത്, നിങ്ങൾ സുവിശേഷത്തിൻറെ വെളിച്ചം എല്ലായിടത്തും എത്തിക്കുകയും നമ്മുടെ കാലത്തിൻറെ അന്ധകാരത്തിൽ പ്രത്യാശയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുകയും ചെയ്യുന്ന പ്രഭാപൂരിതരായ യുവജനങ്ങളായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഞാൻ നിങ്ങളോട് വളരെ മനോഹരമായ ഒരു കാര്യം പറയുന്നു: ഇനി ഞാനല്ല, ഈ നിമിഷത്തിൽ നിങ്ങളെ നോക്കുന്നത് യേശു തന്നെയാണ്, അവൻ നിങ്ങളെ നോക്കുന്നു, അവന് നിങ്ങളെ അറിയാം.

നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയം അവനറിയാം, നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതം അവനറിയാം, സന്തോഷങ്ങൾ അവനറിയാം, സങ്കടങ്ങളും വിജയങ്ങളും പരാജയങ്ങളും അവനറിയാം. നിങ്ങളുടെ ഹൃദയങ്ങൾ അവിടുന്നു അറിയുന്നു. അവൻ നമ്മുടെ ഹൃദയങ്ങളെ കാണുന്നു. ഈ ലോക യുവജന ദിനത്തിൽ നിങ്ങളോട് പറയുന്നു: ‘ഭയപ്പെടരുത്, ഭയപ്പെടരുത്, ധൈര്യപ്പെടുക, ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു. ഏകദേശം 10,000 വൈദികരും 700 ബിഷപ്പുമാരും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേര്‍ന്നിരിന്നു.


Related Articles »