News

ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച് അനേകരുടെ ജീവന് വേണ്ടി മരണം വരിച്ച ആര്‍മി കേണലിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം

പ്രവാചകശബ്ദം 24-08-2023 - Thursday

ബ്യൂണസ് അയേഴ്സ്: നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ക്സിസ്റ്റ്‌ കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയ അര്‍ജന്റീനയിലെ സൈനികോദ്യോഗസ്ഥന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ആയിരങ്ങളെ കൊന്നൊടുക്കുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫോര്‍മുല വെളിപ്പെടുത്താത്തതിന്റെ പേരില്‍ 1975-ല്‍ മാര്‍ക്സിസ്റ്റ്‌ കലാപകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ആര്‍മി കേണല്‍ അര്‍ജെന്റീനോ ഡെല്‍ വാല്ലെ ലാറാബുരെയുടെ നാമകരണ നടപടികള്‍ക്കാണ് ഇക്കഴിഞ്ഞ ദിവസം തുടക്കമായത്. കേണല്‍ ലാറാബുരെയുടെ ചരമവാര്‍ഷികമായ ഓഗസ്റ്റ് 19-ന് ബ്യൂണസ് അയേഴ്സിന് സമീപത്തുള്ള ബെല്‍ഗ്രാനോയിലെ സൈനീക ഇടവക ദേവാലയമായ ഔര്‍ ലേഡി ഓഫ് ലൂജാന്‍ ദേവാലയത്തില്‍ മിലിട്ടറി മെത്രാനും, അര്‍ജന്റീനയിലെ നാമകരണ പ്രതിനിധി സംഘത്തിന്റെ തലവനുമായ ബിഷപ്പ് സാന്റിയാഗോ ഒലിവേരയും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

മിലിട്ടറിയുടെ വികാരി ജനറലായ മോണ്‍. ഗുസ്താവോ അക്ക്യൂണ നാമകരണ നടപടികള്‍ തുടങ്ങുവാന്‍ നിര്‍ദ്ദേശിക്കുന്ന കത്ത് വായിച്ചു. ലാറാബുരെയുടെ ജീവിതത്തേക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ ശേഖരിക്കാന്‍ ഫാ. റൂബെന്‍ ബൊണാസിനായെ സഭാനേതൃത്വം ഏല്‍പ്പിച്ചിട്ടുണ്ട്. കൊലപാതക പരമ്പര തുടരുവാന്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ സഹായിക്കുക വഴി ലാറാബുരെക്ക് തന്റെ ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുവെന്നു തന്റെ പ്രസംഗത്തിനിടെ ബിഷപ്പ് ഒലിവേര പറഞ്ഞു. എന്നാല്‍ അചഞ്ചലമായ ദൈവവിശ്വാസമുള്ള ലാറാബുരെ യേശുവിനെ സ്തുതിച്ചുക്കൊണ്ട് പീപ്പിള്‍സ് റെവല്യൂഷണറി ആര്‍മിയുടെ (ഇ.ആര്‍.പി) കൈകളാല്‍ മരണം വരിക്കുകയായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.

“തന്നെ കൊല്ലുവാന്‍ തീരുമാനിച്ചവരോട് ക്ഷമിച്ചുകൊണ്ട് ലാറാബുരെ ജീവന്‍ വെടിഞ്ഞതെന്നും മെത്രാന്‍ പറഞ്ഞു. 1932 ജൂണ്‍ 6-ന് സാന്‍ മിഗ്വേല്‍ ഡെ ടുക്കുമാനിലാണ് ലാറാബുരെ ജനിച്ചത്. കെമിക്കല്‍ എഞ്ചിനീയറായ അദ്ദേഹം കൊര്‍ഡോബ പ്രവിശ്യയിലെ വില്ല മരിയ നഗരത്തിലെ സൈനീക പൌഡര്‍ ആന്‍ഡ്‌ എക്സ്പ്ലോസീവ് കമ്പനിയിലെ എക്സിക്യുട്ടീവ്‌ ഡയറക്ടറായി നിയമിതനായി. മരിയ സൂസന്ന സാന്‍ മാര്‍ട്ടിനെ എന്ന സ്ത്രീയെ വിവാഹം ചെയ്ത അദ്ദേഹത്തിന് മരിയ സൂസന്ന, ആര്‍ട്ടുറോ എന്ന പേരുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു.

1974 ഓഗസ്റ്റ് 11-ന് രാത്രി ഇസബെലിറ്റ പെറോണ്‍ എന്നറിയപ്പെട്ടിരുന്ന എസ്റ്റേല മാര്‍ട്ടിനെസിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക്‌ ഗവണ്‍മെന്റിന്റെ കാലത്ത് എഴുപതോളം പേര്‍ അടങ്ങുന്ന മാര്‍ക്സിസ്റ്റ് ഗറില്ലകള്‍ കമ്പനി ആക്രമിക്കുകയും സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന വിദ്യ അറിയുക എന്ന ലക്ഷ്യത്തോടെ മേജര്‍ ലാറാബുരെയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. 372 ദിവസങ്ങളോളം ഗറില്ലകള്‍ അദ്ദേഹത്തെ 6.5 അടി ഉയരവും, 3.5 അടി നീളവും 2 അടി വീതിയുമുള്ള ഒട്ടും വ്യാപ്തിയില്ലാത്ത മുറിയില്‍ തടവില്‍ പാര്‍പ്പിച്ചു. സ്ഫോടക വസ്തു നിര്‍മ്മിക്കുവാനുള്ള വിദ്യ വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാതിരുന്ന നാല്‍പ്പതിനാലുകാരനായ ആ ദൈവവിശ്വാസിയുടെ ജീവനില്ലാത്ത ശരീരം 1975 ഓഗസ്റ്റ് 23-ന് ഒരു കിടങ്ങില്‍ നിന്നും കണ്ടെത്തുകയായിരുന്നു.




Related Articles »