India - 2024

എറണാകുളം അങ്കമാലി അതിരൂപത പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പാപ്പയുടെ തീരുമാനത്തിനു വിധേയമായിരിക്കും: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 27-08-2023 - Sunday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും അതിനായുള്ള കർശന നടപടികൾ ആരംഭിച്ചുവെന്നു പേപ്പല്‍ ഡെലഗേറ്റ് അറിയിച്ചതായും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യം സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡ് തീരുമാനിച്ചു. സംഭാഷണം സുഗമമാക്കാൻ 9 മെത്രാന്മാരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി ചർച്ചകൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചർച്ചയിൽ ഉരുത്തിരിയുന്ന പരിഹാര മാർഗങ്ങൾ പൊന്തിഫിക്കൽ ഡെലഗേറ്റു വഴി പരിശുദ്ധ പിതാവിനു സമർപ്പിക്കുകയും ശൈ്ലഹിക സിംഹാസനം നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ്. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം.

എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവായ ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രശ്നപരിഹാരത്തിനു വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പരിഹാരം ഈ വർഷത്തെ എട്ടു നോമ്പാചരണത്തിലെ പ്രത്യേക നിയോഗമായി സമർപ്പിക്കാമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യുന്നു.


Related Articles »