News - 2024
വിശുദ്ധ നാട്ടിലെ പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 10-10-2023 - Tuesday
വാഷിംഗ്ടണ്‍ ഡിസി: ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റവും അക്രമങ്ങളും ഇതേ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിന്യായ സമിതിയാണ് സമാധാന ആഹ്വാനവുമായും പ്രാര്‍ത്ഥന അറിയിച്ചും രംഗത്തുവന്നിരിക്കുന്നത്. വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ശത്രുതപരമായ നിലപാടുകളും വിശുദ്ധ നാട് ഭീഷണി നേരിടുന്നതിന് കാരണമായി തീരുകയാണെന്ന് അന്താരാഷ്‌ട്ര നീതിയും സമാധാനവും സംബന്ധിച്ച യുഎസ്‌സിസിബിയുടെ കമ്മറ്റിയുടെ അധ്യക്ഷനായ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു.
വ്യാപകമായ അക്രമത്തെ അപലപിക്കുന്നതില്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുകയാണെന്ന് ബിഷപ്പ് മല്ലോയ് പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ഞായറാഴ്ച പ്രസംഗത്തിൽ നിന്നുള്ള വാക്കുകള്‍ ബിഷപ്പ് ഡേവിഡ് ഉദ്ധരിച്ചു: “ദയവായി ആക്രമണങ്ങളും ആയുധങ്ങളും അവസാനിപ്പിക്കുക. തീവ്രവാദവും യുദ്ധവും ഒരു തീരുമാനത്തിലേക്കും നയിക്കുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും മാത്രമേ നയിക്കൂവെന്ന് മനസ്സിലാക്കട്ടെ''. വിശുദ്ധ നാടിനെ സ്നേഹിക്കുന്ന എല്ലാവരും അക്രമം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ബിഷപ്പ് ഡേവിഡ് ആഹ്വാനം ചെയ്തു. സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥന ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്.
അതേസമയം അക്രമം രൂക്ഷമാകുകയാണ്. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രായേലിൽ നിന്നുമായി കണ്ടെത്തിയെന്നും അതിർത്തിയിലെ നിയന്ത്രണം പൂർണമായി പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. . അതേസമയം ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹമാസ് തകർത്ത അതിർത്തികൾ വീണ്ടും അടച്ചു. അതിർത്തിയിൽ നിന്നും എല്ലാവരേയും ഒഴിപ്പിച്ചുവെന്നും ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെച് അറിയിച്ചു. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയിരിക്കുന്നത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷമുള്ള എറ്റവും വലിയ പടയൊരുക്കമാണിത്. അന്ന് 4,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയത്.