News

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി

പ്രവാചകശബ്ദം 17-10-2023 - Tuesday

ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു.

പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ' ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു".

"അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".


Related Articles »