News - 2024
അമേരിക്കയിലെ ക്രിസ്ത്യന്‍ സര്‍വ്വകലാശാലക്ക് പന്ത്രണ്ട് ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചു
പ്രവാചകശബ്ദം 17-10-2023 - Tuesday
ടെന്നസ്സി: അമേരിക്കയിലെ ടെന്നസ്സിയിലെ സ്വകാര്യ ക്രിസ്ത്യന്‍ ലിബറല്‍ ആര്‍ട്സ് സര്‍വ്വകലാശാലയായ മില്ലിഗണ്‍ സര്‍വ്വകലാശാലക്ക് ജീവകാരുണ്യ ഫൗണ്ടേഷനായ ലില്ലി എന്‍ഡോവ്മെന്റ് പന്ത്രണ്ട് ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഫലപ്രദമായ സുവിശേഷ പ്രഘോഷണത്തിനും, വികസനത്തിനും വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം, വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന സ്വകാര്യ ജീവകാരുണ്യ ഫൗണ്ടേഷനാണ് ലില്ലി എന്‍ഡോവ്മെന്റ്. ഭാവി വചനപ്രഘോഷകരെ വാര്‍ത്തെടുക്കുന്നതിന് സഹായകമാകുന്ന വളരെ നിര്‍ണ്ണായകമായ ഈ സഹായം നല്‍കിയതിന് ലില്ലി എന്‍ഡോവ്മെന്റിനോട് കടപ്പെട്ടവരാണെന്ന് മില്ലിഗണ്‍ സര്‍വ്വകലാശാലയുടെ പ്രസിഡന്റായ ബില്‍ ഗ്രീര്‍ പ്രസ്താവിച്ചു.
ദൈവസ്നേഹം തിരിച്ചറിയുന്നതിനും, ക്രിസ്തീയ വിശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നതിനും ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ ലില്ലി എന്‍ഡോവ്മെന്റ് ആരംഭിച്ച പരിപാടി വഴിയാണ് ഗ്രാന്റ് നല്‍കുക. ദേശീയ തലത്തിലുള്ള എല്ലാ സ്വതന്ത്ര സഭകള്‍ക്കും, പ്രയോജനകരമാകുക എന്ന ലക്ഷ്യത്തോടെ മില്ലിഗണ്‍ സര്‍വ്വകലാശാല പുതിയ ക്രിസ്ത്യന്‍ പ്രബോധന കേന്ദ്രം ആരംഭിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ നിലവിലെ അണ്ടര്‍ഗ്രാജുവേറ്റ് മിനിസ്ട്രി ലീഡര്‍ഷിപ്പ് പ്രോഗ്രാമും, സെമിനാരിയുടെ മിനിസ്ട്രി റിസോഴ്സ് സെന്ററുമായിട്ട് സഹകരിച്ചാണ് പുതിയ വചനപ്രഘോഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
സഹായം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മില്ലിഗണ്‍ ഇമ്മാനുവേല്‍ ക്രിസ്റ്റ്യന്‍ സെമിനാരിയിലെ അക്കാഡമിക് ഡീനായ ഡോ.റോണ്‍ കാസ്റ്റെന്‍സ് പറഞ്ഞു. ക്രിസ്തീയ വചനപ്രഘോഷകര്‍ക്ക് പുതിയ തലമുറയെ പിടിച്ചിരുത്തുന്ന തരത്തില്‍ ഫലപ്രദമായി പ്രബോധനം നടത്തേണ്ടതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണ്ടതിന്റെ ആവശ്യകത ചരിത്രത്തിളുടനീളമുണ്ടെന്നു ലില്ലി എന്‍ഡോവ്മെന്റിന്റെ മതകാര്യ വൈസ് പ്രസിഡന്റായ ക്രിസ്റ്റഫര്‍ എല്‍. കൊബ്ലെ പറഞ്ഞു. 1866-ല്‍ ടെന്നസിയിലെ കാര്‍ട്ടര്‍ കൗണ്ടിയില്‍ സ്ഥാപിതമായ ഇപ്പോള്‍ ഹോപ്‌വുഡ് മെമോറിയല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന സെക്കണ്ടറി സ്കൂളിലാണ് മില്ലിഗണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വേരുകള്‍. കെന്റക്കി സര്‍വ്വകലാശാലയിലെ ബിബ്ലിക്കല്‍ വിഭാഗം മുന്‍ പ്രൊഫസ്സറായ റോബര്‍ട്ട് മില്ലിഗണിന്റെ പേരാണ് സര്‍വ്വകലാശാലക്ക് നല്‍കിയത്.