News - 2025
ജോർദാനിലെ ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രവുമായി വത്തിക്കാനില്‍ പ്രദര്‍ശനം ഒരുങ്ങുന്നു
പ്രവാചകശബ്ദം 10-01-2025 - Friday
വത്തിക്കാൻ സിറ്റി: "ജോർദാൻ: ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഭാതം" എന്ന പേരിൽ വത്തിക്കാൻ സിറ്റിയിൽ ചരിത്ര പ്രദർശനം ആരംഭിക്കുമെന്ന് ജോർദാനിയൻ ടൂറിസം പുരാവസ്തു മന്ത്രാലയം. ജോർദാനിലെ ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്ഭവത്തിലേക്ക് അറിവുകളുമായാണ് ടൂറിസം മന്ത്രാലയം പ്രദര്‍ശനം ആരംഭിക്കുക. ജനുവരി 8 ബുധനാഴ്ച അമ്മാനിലെ സെന്‍റ് റെജിസ് ഹോട്ടലിൽ നടന്ന മാധ്യമ സമ്മേളനത്തിലായിരിന്നു ടൂറിസം പുരാവസ്തു മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ വത്തിക്കാനിലെ പലാസോ ഡെല്ല കാൻസെലേരിയയിലായിരിക്കും പ്രദര്‍ശനം.
വത്തിക്കാനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനം ജോർദാനും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള സുപ്രധാന സംഭവമാണെന്ന് ജോർദാൻ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി ലിന അന്നബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യേശുക്രിസ്തുവിൻ്റെ മാമോദീസ മുതൽ ബൈസൻ്റൈൻ കാലഘട്ടം വരെയും ജോർദാനിലെ ക്രൈസ്തവരുടെ പരിണാമത്തെക്കുറിച്ചും സന്ദർശകർക്ക് പഠിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്ന, സങ്കീർണ്ണമായ മൊസൈക്കുകൾ മുതൽ പുരാതന ചിഹ്നങ്ങൾ വരെയുള്ള തൊണ്ണൂറിലധികം സവിശേഷ പുരാവസ്തുക്കളാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്.
ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ് എന്നിവിടങ്ങളിലെ സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി സ്ഥലങ്ങളിൽ പ്രദർശനം എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജോർദാനിയൻ ടൂറിസം പ്രൊമോഷൻ അതോറിറ്റി മേധാവി അബ്ദുൾ റസാഖ് അറബിയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദശലക്ഷക്കണക്കിന് സന്ദർശകരെ ഈ പ്രദർശനം ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.