News

വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ

പ്രവാചകശബ്ദം 21-11-2023 - Tuesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒത്തു ചേർന്ന് യുക്രൈൻ സ്വദേശികളായ കത്തോലിക്കാ വിശ്വാസികൾ. കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭയുടെ പ്രതിനിധിയായി ആദ്യമായി വിശുദ്ധ പദവിയിലേക്കുയർത്തിയ വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ചുകൂടി.

വിശുദ്ധ ബേസിലിന്റെ ചാപ്പലിന് കീഴിൽ ചെയ്യുന്ന വിശുദ്ധന്റെ കബറിടത്തിൽ നടന്ന സായാഹ്ന പ്രാർത്ഥനയും ഞായറാഴ്ച ദിവസത്തെ വിശുദ്ധ കുർബാന അർപ്പണവും സമാപന ചടങ്ങുകളുടെ ഭാഗമായിരുന്നു. സായാഹ്ന പ്രാർത്ഥനയ്ക്കു യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ അദ്ദേഹം സഹകാർമ്മികനായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോളിഷ്- ലിത്വാനിയൻ കോമൺവെൽത്തിലെ വോളോഡിമർ ഗ്രാമത്തിലാണ് വിശുദ്ധ ജോസഫാത്ത് ജനിക്കുന്നത്. ഈ സമയത്ത് കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. 1595ൽ കോമൺവെൽത്തിലെ ഏതാനും മെത്രാന്മാർ യൂണിയൻ ഓഫ് ബ്രസ്റ്റ് എന്ന പേരിൽ റോമിന് തങ്ങളുടെ മേലുള്ള ചുമതല നൽകുന്ന ഒരു ഉടമ്പടിക്ക് രൂപം നൽകിയതോടുകൂടിയാണ് യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭ നിലവിൽ വരുന്നത്. 1609ൽ പൗരോഹിത്യം സ്വീകരിച്ച ജോസഫാത്ത്, പ്രദേശത്തെ ക്രൈസ്തവരെ റോമിന്റെ കീഴിൽ കൊണ്ടുവരാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ മെത്രാന്മാർ ഒപ്പുവച്ച ഉടമ്പടി വലിയൊരു വിവാദമായിത്തന്നെ തുടർന്നു.

ഇടയൻ എന്ന നിലയിൽ ആത്മാക്കളുടെ രക്ഷയ്ക്കായി തീക്ഷ്ണമായി എരിഞ്ഞ വി. ജോസഫാത്ത് നീണ്ട മണിക്കൂറുകൾ അനുരഞ്ജനകൂദാശകൾക്കായി ചിലവഴിക്കുമായിരുന്നു. അതിന് പ്രത്യേക സ്ഥലമോ സൗകര്യമോ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. തന്റെ പ്രഭാഷണങ്ങളിലൂടെ അനേകരെ മാനസാന്തരപ്പെടുത്തിയിരുന്ന അദ്ദേഹം സ്വന്തമായി ഒരു മതബോധന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ആധുനിക ബലാറസിൽ വിറ്റേബ്സ്ക് എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ നടത്തിയ സന്ദർശനത്തിനിടയിൽ 1623 നവംബർ 12നു ജോസഫാത്തിനെ ഒരു കൂട്ടം വരുന്ന ആളുകൾ കൊലപ്പെടുത്തുകയായിരുന്നു.

1643ൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹത്തെ 1867ൽ പയസ്സ് പതിനൊന്നാം മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. രക്തസാക്ഷിത്വത്തിന്റെ മുന്നൂറാം വാർഷികത്തിൽ പയസ്സ് പതിനൊന്നാമൻ മാർപാപ്പ,കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും തമ്മിലുള്ള പുനരൈക്യത്തിന്റെ മധ്യസ്ഥനായി വിശുദ്ധ ജോസഫാത്തിനെ പ്രഖ്യാപിച്ചു. പൗരസ്ത്യ, പാശ്ചാത്യ സഭകൾ തമ്മിൽ കൂടുതൽ ഐക്യം വേണമെന്ന ആഗ്രഹം നിമിത്തം ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ, വിശുദ്ധന്റെ അഴുകാത്ത ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടത് പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണ് നടപ്പിലായത്.

More Archives >>

Page 1 of 908