News - 2025

ബന്ദികളാക്കിയ ഇസ്രായേലി കുടുംബങ്ങളുമായും പലസ്തീനികളുടെ ബന്ധുക്കളുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും

പ്രവാചകശബ്ദം 19-11-2023 - Sunday

വത്തിക്കാന്‍ സിറ്റി: അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു സദസ്സിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളെയും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരെയും ഫ്രാൻസിസ് പാപ്പ കാണും. നവംബർ 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസ്സിനോടനുബന്ധിച്ച് മാർപാപ്പ ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയാണ് അറിയിച്ചത്. ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം കാണിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുകയാണെന്ന് ബ്രൂണി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പൊതു സദസ്സുകളിൽ വിശുദ്ധ നാടിന് വേണ്ടി സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചിരുന്നു. പ്രസംഗങ്ങളില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണത്തിനും പാപ്പ നിരവധി പ്രാവശ്യം ശബ്ദമുയര്‍ത്തി. ദുരിതമനുഭവിക്കുന്ന പാലസ്തീനികൾ, ഇസ്രായേലികൾ എല്ലാവരുടെയും ഒപ്പമാണെന്നും ഈ ഇരുണ്ട നിമിഷത്തിൽ അവർക്കുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയാണെന്നും നവംബർ 12-ന് നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു. വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചിരിന്നു.


Related Articles »