News - 2024

പോപ്പ് ഫ്രാൻസിസ് ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതനായ ആത്മീയ നേതാവ് : യഹൂദ റബ്ബി എഫ്രെയിം മിർവിസ്

ജേക്കബ് സാമുവേൽ 12-09-2015 - Saturday

ഈ കാലഘട്ടത്തിലെ ഒരു യഥാർത്ഥ അത്യുന്നതനും പ്രചോദനാത്മക ആത്മീയ നേതാവുമാണ് പോപ്പ് ഫ്രാൻസിസ് എന്ന് കോമൺവെൽത്ത് രാജ്യങ്ങളുടെ മുഖ്യ യഹൂദ റബ്ബിയായ എഫ്രെയിം മിർവിസ് പ്രസ്താവിച്ചു.

വിശ്വാസത്തിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുവാൻ, ബ്രിട്ടണിലെ കത്തോലിക്കരും, യഹൂദരും, മുസ്ലീങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച വത്തിക്കാനിൽ വച്ച് പോപ്പ് ഫ്രാൻസിസുമായുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു.

കോമൺവെൽത്ത് രാജ്യങ്ങളുടെ മുഖ്യ റബ്ബിയായ അദ്ദേഹം, ബ്രിട്ടണിലെ കത്തോലിക്കാ സഭാ തലവനായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസിനൊപ്പമാണ്‌ പോപ്പിനെ സന്ദർശിച്ചത്.

2013 സെപ്റ്റംബറിലാണ്‌ സൗത്താഫ്രിക്കൻ ജന്മനാട്ടുകാരനായ അദ്ദേഹം, ഈ പുതിയ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി യൂറോപ്യൻ ക്രിസ്ത്യൻ-യഹൂദ സംഘടനകളിൽ സ്തുത്യർഹമായ സേവനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

പോപ്പിനെ കണ്ട ശേഷം, റോമിലെ പ്രധാന യഹൂദ പഠന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. കോമൺവെൽത്ത് രാജ്യങ്ങളിലുള്ള യഹൂദ സമുദായത്തിന്റെ ആശംസകളുമായാണ്‌ താൻ വത്തിക്കാനിൽ എത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ആപ്പിളും തേനും വയ്ക്കാനുള്ള ഒരു സെറ്റാണ്‌ അദ്ദേഹം പോപ്പിന്‌ സമ്മാനിച്ചത്. കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച ‘കയ്പ്പി’ന്റേയും (ആപ്പിൾ മുറിച്ച് വച്ചിരുന്നാൽ), ദൈവസഹായത്താൽ മുന്നേറുമെന്ന പ്രതീക്ഷയുടെ ‘മധുര’വും (തേൻ പുരളുമ്പോൾ) പ്രതിനിധീകരിച്ച്, പുതുവൽസരാഘോഷവേളയിൽ, യഹൂദർ കാഴ്ച വക്കാനുപയോഗിക്കുന്ന സെറ്റ്! കൂടാതെ, ‘നോസ്ട്രാ ഐറ്റേറ്റ്’' എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖയുടെ സഹായത്താലുള്ള ഞങ്ങളുടെ മുന്നേറ്റത്തിന്റെ പ്രതീകവുമാണ്‌ ഈ സമ്മാനം! അദ്ദേഹം പറഞ്ഞു.

പരസ്പര ചർച്ചകൾ മെച്ചപ്പെടുത്താൻ വത്തിക്കാൻ രേഖ പ്രവർത്തിച്ചു തുടങ്ങുന്നത് സ്വന്തം കണ്ണുകളാൽ കാണാൻ സാധിച്ചു എന്നാണ്‌ കർദ്ദിനാൾ നിക്കോളാസ് പറഞ്ഞത്.

ബ്രിട്ടണിൽ, മതേതര കാഴ്ചപ്പാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാലും, ധാരാളം ആളുകൾക്ക് മതത്തിനോട് ആവേശമുണ്ട്, അഭിനന്ദനമുണ്ട്; ആത്മീയദാഹമുണ്ട്.”

“സാധാരണയായി, ക്രിസ്ത്യൻ-യഹൂദ സംവാദങ്ങളാണ്‌ നടക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ അടിയന്തിര ആവശ്യം, ഇതിൽ മുസ്ലീം ലോകത്തെക്കൂടി ഉൾപ്പെടുത്തണമെന്നുള്ളതാണ്‌” എഫ്രെയിം മിർവിസ് പറഞ്ഞു.