Editor's Pick

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07

സി. ഐറിൻ അൽഫോൻസ് സി.എം.സി / പ്രവാചകശബ്ദം 09-12-2023 - Saturday

ക്രൈസ്‌തവ വിശ്വാസികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയവും ഒരാൾ തന്നെയാണ് എന്ന അബദ്ധപ്രചരണം. മറിയത്തിനു ക്രിസ്‌തീയ വിശ്വാസത്തിലുള്ള സവിശേഷ പ്രാധാന്യം മനസ്സിലാക്കി, അതും തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള തന്ത്രമാണിത്.

മറിയത്തിന് ബൈബിളിലുള്ളതിനേക്കാൾ പ്രാധാന്യമാണു ഖുർആൻ നൽകുന്നതെന്നും ഈ മതത്തിൽ ചേർന്നതുകൊണ്ടു മറിയത്തോടുള്ള ഭക്തിയ്ക്കു ഭംഗം വരികയില്ലെന്നും പറഞ്ഞു വഞ്ചിക്കുകയാണിവർ ചെയ്യുന്നത്. ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെടുന്ന ഏക സ്ത്രീ മർയമാണെന്നും അവളുടെ പേരിൽ ഒരു അദ്ധ്യായം തന്നെ ഖുർആനിലുണ്ടെന്നും പറഞ്ഞാണു കാര്യങ്ങൾ കൃത്യമായി അറിയില്ലാത്തവരെ ഇക്കൂട്ടർ പറ്റിക്കുന്നത്. പരിശുദ്ധ കന്യകാമറിയവും ഖുർആനിലെ മർയയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു വസ്തുനിഷ്ഠമായ പഠനം സ്പഷ്ടമാക്കും; ഇവർ രണ്ടുപേരും തികച്ചും വ്യത്യസ്‌തമായ രണ്ടു വ്യക്തികളാണ്.

മറിയം ക്രിസ്‌തീയ പാരമ്പര്യത്തിലും വിശുദ്ധഗ്രന്ഥത്തിലും ‍

ക്രിസ്‌തീയ പാരമ്പര്യവും വിശ്വാസവുമനുസരിച്ച്, പലസ്തീനായിൽ നസ്രത്ത്‌ എന്ന പട്ടണത്തിൽ യഹൂദരായ ജൊവാക്കിം-അന്ന ദമ്പതിമാരുടെ ഏക മകളായി മറിയം ജനിച്ചു. പൂർവ്വകാലം മുതൽക്കേ ദൈവം നമ്മുടെ പിതാക്കന്മാർക്കു രക്ഷകനായ മിശിഹായെക്കുറിച്ചു നൽകിയിരുന്ന വാഗ്‌ദാനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദൈവം മനുഷ്യനാകുന്നു എന്ന മംഗളവാർത്ത മറിയത്തെ അറിയിക്കുന്നതിനും ഈ മനുഷാവതാരത്തിൽ അവളുടെ സഹകരണം ആരായുന്നതിനുമായി ഗബ്രിയേൽ ദൂതനെ ദൈവം അവളുടെ പക്കലേക്ക് അയച്ചു. "ഇതാ, കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ" (ലൂക്കാ 1 :38) എന്ന് പറഞ്ഞു മറിയം സമ്മതം അറിയിച്ചപ്പോൾ, പരിശുദ്ധറൂഹാ അവളിൽ ആവസിക്കുകയും ദൈവത്തിന്റെ വചനം അവളിൽ മനുഷ്യരൂപമെടുക്കുകയും ചെയ്‌തു.

ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട യൗസേപ്പുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കെയാണ്, അവർ ഒരുമിച്ചു വസിക്കുന്നതിനു മുമ്പ്, മറിയം ഇപ്രകാരം പരിശുദ്ധ റൂഹായാൽ ദൈവപുത്രനെ ഗർഭം ധരിച്ചത് (ലൂക്കാ 1:26-38 ). പരിശുദ്ധറൂഹായുടെ പ്രവർത്തന ഫലമാണ് കന്യകയായ മറിയത്തിന്റെ ഉദരത്തിൽ ജനിച്ചിരിക്കുന്ന ദൈവപുത്രനെന്നു യൗസേപ്പിന് ദൈവത്തിൽനിന്ന് ഉറപ്പുലഭിച്ചതിനു ശേഷമാണ് അദ്ദേഹം മറിയത്തെ തന്റെ ഭാര്യയായി സ്വീകരിച്ചത് (മത്താ 1:18-25).

റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കൽപന പ്രകാരം നസ്രത്തിൽ നിന്ന് ഭർത്താവായ യൗസേപ്പുമൊത്തു ദാവീദിന്റെ പട്ടണമായ ബെത്ലഹേമിൽ എത്തുമ്പോഴാണു മറിയത്തിനു പ്രസവസമയമായത്. സത്രത്തിൽപോലും അവർക്കു സ്ഥലം ലഭിച്ചില്ലെങ്കിലും വലിയ സന്തോഷത്തിന്റെ അന്തരീക്ഷത്തിലേക്കാണ് മറിയം തന്റെ പുത്രന് ജന്മം നൽകിയത് (ലൂക്കാ 2: 1-20). ജനിച്ചിരിക്കുന്നത് സകല മനുഷ്യരുടെയും രക്ഷകനായ കർത്താവായ മിശിഹായാണ് എന്നു ദൈവദൂതൻ അറിയിക്കുകയും ചെയ്‌തു. (2:10-11).

ബൈബിളിലെ മറിയം: ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവൾ ‍

മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവചരിത്രം വിവരിക്കുന്ന ഉത്പത്തി പുസ്തകത്തിൽ ആദിമനുഷ്യന്റെ പാപവും അതിനു ദൈവം നൽകുന്ന ശിക്ഷയും അതോടോപ്പമുള്ള രക്ഷാവാഗ്‌ദാനവും വിവരിക്കപ്പെടുന്നുണ്ട് . ഭാവിരക്ഷകനെക്കുറിച്ചുള്ള വാഗ്ദാനത്തോടൊപ്പം ഈ രക്ഷകന്റെ അമ്മയെക്കുറിച്ചുള്ള പരാമർശവും കാണാം. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും" (ഉൽപ്പ 3:15) സർപ്പത്തിന്റെ തല തകർക്കുന്ന സ്ത്രീയുടെ സന്തതി മിശിഹായും, ആ സ്ത്രീ മറിയവുമാണ്. ഇവിടെ സ്ത്രീയുടെ സന്തതി എന്നു പറഞ്ഞിരിക്കുന്നത്, പുരുഷസ്പർശമേൽക്കാതെ ദൈവികശക്തിയാൽ കന്യകയിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ്. തന്റെ പുത്രന്റെ അമ്മയാകുവാൻ മറിയത്തെ ദൈവം, അനാദിയിലെ തിരഞ്ഞെടുത്തു എന്നതിനു തെളിവാണ് ഉത്പത്തി പുസ്‌തകത്തിലെ ഈ വാഗ്‌ദാനം.

അതുപോലെതന്നെ, രക്ഷകനായ ഈശോമിശിഹായുടെ ജനനത്തിന് ഏഴു നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു: "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശ 7:14). മറിയത്തിൽ നിന്നുള്ള ഈശോയുടെ ജനനത്തിൽ ഈ പ്രവചനമാണു പൂർത്തിയായത് എന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്താ 1:22-23; ലൂക്കാ 1:31; മര്‍ക്കോസ് 3:31-35; 6 :3).

മറിയത്തെക്കുറിച്ചു വിശദമായ വിവരണം നൽകുന്നത് വിശുദ്ധ ലൂക്കായാണ് (1:26-45). യോഹന്നാന്റെ സുവിശേഷത്തിൽ ആരംഭത്തിലും അവസാനത്തിലും പരിശുദ്ധ കന്യകാ മറിയത്തെ കാണാം. കാനായിലെ കല്യാണവിരുന്നിലും (യോഹ 2:1-12) കുരിശിൻചുവട്ടിലും (യോഹ 19:25-27) മറിയവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന സുവിശേഷകന്മാരുടെ വിവരങ്ങൾക്ക് ആധികാരിത കൂടും.

ഖുർആനിലെ മർയ ‍

ആലു ഇംറാൻ (ഇംറാന്റെ കുടുംബം) എന്ന പേരോടുകൂടിയ ഖുർആന്റെ മൂന്നാം അദ്ധ്യായത്തിലാണ് മർയയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത് (സൂറ 3:35-36). ഇംറാന്റെ മകളും ഹാറൂന്റെയും മൂസയുടെയും സഹോദരിയുമാണ് ഈസായുടെ അമ്മയായ മർയ.

ഖുർആൻ പഴയനിയമത്തിലെ അഹറോന്റെയും മോശയുടെയും സഹോദരിയായ മിറിയാമിനെ (സംഖ്യ 12:1-5) ഈസായുടെ അമ്മയായി അവതരിപ്പിക്കുന്നു. ഈസായെ ക്രൈസ്തവരുടെ ദൈവമായ ഈശോയായി തെറ്റുദ്ധരിപ്പിക്കുക എന്നതു മറ്റൊരു തന്ത്രമാണല്ലോ. മിറിയാമിന്റെയും മർയയുടെ കാലഘട്ടങ്ങൾ തമ്മിൽ 1400 വർഷങ്ങളുടെ വ്യത്യാസങ്ങളുണ്ട്. പഴയനിയമത്തിലെ മോശെയുടെ സഹോദരിയായ മിറിയാം ബി.സി. പതിനാലാം നൂറ്റാണ്ടിലും പുതിയനിയമത്തിലെ ഈശോമിശിഹായുടെ അമ്മയായ മറിയം എ.ഡി.ഒന്നാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. ഇവരിൽ ആരുമായും ഖുർആനിൽ പരാമർശിക്കപ്പെടുന്ന മർയയ്ക്ക് യാതൊരു ബന്ധവുമില്ല.

ഖുർആൻ മർയയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. വേദഗ്രന്ഥത്തിൽ മർയയെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. അവൾ തന്റെ വീട്ടുകാരിൽ നിന്നകന്ന് കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്തമാസിച്ച സന്ദർഭം (സൂറ 19 -16 ) ഖുർആൻ സാധാരണയായി വേദഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദ-ക്രൈസ്‌തവ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ്. പക്ഷേ, ബൈബിളിൽ ഒരിടത്തും പഴയനിയമത്തിലെ മിറിയാമോ പുതിയനിയമത്തിലെ മറിയമോ വീട്ടുകാരിൽ നിന്നകന്നു മാറി താമസിച്ച ചരിത്രമില്ല.

ഖുർആൻ തുടരുന്നു; എന്നിട്ട് അവർ കാണാതിരിക്കാൻ അവളൊരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു (സൂറ 19:17). അവൾ ഗർഭം ധരിച്ചതിനെക്കുറിച്ചു മറ്റൊരിടത്ത് ഇപ്രകാരം കാണുന്നു. അപ്പോൾ നമ്മുടെ ആത്‌മചൈതന്യത്തിൽ നിന്നു നാം അതിൽ (ഗുഹ്യസ്ഥാനത്ത്) ഊതുകയുണ്ടായി. (സൂറ 66:12). നിരാശപ്പെടും വിലപിച്ചും കഴിഞ്ഞ മർയ ഈന്തപ്പനയുടെ ചുവട്ടിലാണ് പ്രസവിച്ചത്. (സൂറ 19:23-26). ഈന്തപ്പന കുലുക്കി ലഭിച്ച പഴം കഴിച്ചാണ് വിശപ്പടക്കിയത്. ഈന്തപ്പനകഥ ഒരു അറേബ്യൻ നിർമിതിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്?

മർയ ഭർത്താവില്ലാത്ത ഒരു കുഞ്ഞിനു ജന്മം നൽകിയ സംഭവത്തെ അവളുടെ ദുർനടപടിയുടെ ഭാഗമായുണ്ടായ ആക്ഷേപകരമായ ഒരു കാര്യമായാണ് അവളുടെ സ്വന്തക്കാർ കണ്ടത് (സൂറ 19:27-28). തൊട്ടിലിൽ കിടന്ന ശിശു താൻ അള്ളായുടെ ദാസനായ പ്രവാചകനാകുന്നു എന്നു പറഞ്ഞ് അമ്മയെ രക്ഷിക്കുന്ന രംഗവും ഖുർആൻ വര്‍ണിക്കുന്നുണ്ട്. (സൂറ 19:30). അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു പ്രവാചകൻ മാത്രമായി ഈസായെ ഖുർആൻ അവതരിപ്പിക്കുന്നത്. ഈശോയുടെ ദൈവത്വത്തെ നിഷേധിക്കാൻ വേണ്ടിയാണ്.

ഈശോയുടെ ദൈവത്വവും പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും നിഷേധിച്ച പാഷാണ്ഡതയായ ആര്യനിസത്തിന്റെ സ്വാധീനവും മർയയെക്കുറിച്ചുള്ള വിവരണങ്ങളിൽ പ്രകടമാണ്. മുഹമ്മദിന്റെ കാലഘട്ടത്തിൽ ഈ പാഷണ്ഡത അവിടെയെല്ലാം പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും ആര്യനിസത്തിന്റെ വക്താക്കളായിരുന്നു. ബൈബിളിലെ മറിയവും ഖുർആനിലെ മർയയും തികച്ചും വ്യത്യസ്തരാണ് എന്ന് ഇതിൽനിന്നു വ്യക്തമാണ്.

സഹായകഗ്രന്ഥങ്ങൾ ‍

1. Bawer Bruce, Surrender : Appeasing Islam, Sacrificing Freedom, Doubleday, 2009 .

2. ....., The New Quislings : How the International Left Used the Oslo Massacre to Silence Debate About Islam , Broadside Books, Northampton MA 2012 .

3. Swarup Ram, Understanding Islam through Hadis, New Delhi 1983.

4. Trifkovic Serge, The Sword of the Prophet : The Politically Incorrect Guide to Islam: History, Theology, Impact on the World, Boston 2002 .

5. Warraq Ibn, The Islam in Islamic Terrorism: The Importance of Beliefs ,ideas and Ideology, New English Review Press, 2017

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ ആറ് ഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »