India - 2024

സീറോ മലബാര്‍ ഹയരാർക്കി നൂറിന്റെ നിറവില്‍

പ്രവാചകശബ്ദം 20-12-2023 - Wednesday

കോട്ടയം: കേരളത്തിലെ സുറിയാനി കത്തോലിക്കർക്ക് സ്വന്തമായി ഹയരാർക്കി സ്ഥാപിതമായിട്ട് നാളെ നൂറു വർഷം. 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാർപാപ്പയാണ് സീറോ മലബാർ സഭയ്ക്ക് ഹയരാർക്കി അനുവദിച്ചത്. ഇതോടെ സഭ സ്വയംഭരണത്തിൻ്റെ രണ്ടാമത്തെ ഘട്ടം പിന്നിടുകയായിരുന്നു. ഒന്നാമത്തെ ഘട്ടം 1887ൽ സീറോ മലബാർ സഭയെ ലത്തീൻസഭയിൽനിന്നു വേർപെടുത്തി രണ്ട് സ്വതന്ത്ര വികാരിയാത്തുകൾ അനുവദിച്ചതായിരുന്നു. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നാളെ സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ സഭയുടെ അ ഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർദേശിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞു മൂന്നിന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. 1917 മേയ് ഒന്നിന് പതിനഞ്ചാം ബനഡിക്‌ട് മാർപാപ്പ പൗരസ്ത‌്യസഭകൾക്കു വേണ്ടിയുള്ള തിരുസംഘം സ്ഥാപിക്കുകയും സീറോ മലബാർ സഭയെ ഒരു പൗരസ്ത്യ സഭയായി അംഗീകരിക്കുകയും ചെയ്തു. 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാർപാപ്പ എറണാകുളം കേന്ദ്രമാക്കി സീറോ-മലബാർ സഭാ ഹയരാർക്കി സ്ഥാപിച്ചു. അതോടെ അന്നുണ്ടായിരുന്ന നാലു വികാരിയാത്തുകളും രൂപതകളാകുകയും അതിൽ എറണാകുളത്തെ അതിരൂപതയാക്കി ഉയർത്തി സഭാ കേന്ദ്രമായും തൃശൂർ, ചങ്ങനാശേരി, കോട്ടയം എന്നിവയെ സാമന്ത രൂപതകളായും പ്രഖ്യാപിക്കുകയും ചെയ്തു.


Related Articles »