News

ജെറുസലേമിലെ ക്രൈസ്തവര്‍ ക്രിസ്തുമസിന് മുന്നോടിയായി ജാഗരണ പ്രാര്‍ത്ഥന നടത്തി

പ്രവാചകശബ്ദം 24-12-2023 - Sunday

ജെറുസലേം: ജെറുസലേമിലെ ക്രൈസ്തവര്‍ ക്രിസ്തുമസിന് മുന്നോടിയായി ഗാനങ്ങളും പ്രാര്‍ത്ഥനയുമായി ജാഗരണ പ്രാര്‍ത്ഥന നടത്തി. ഡിസംബർ 22 വെള്ളിയാഴ്ച, ജെറുസലേമിലെ ലത്തീൻ ഇടവകയായ സെന്റ് സേവ്യർ ഇടവകയിലെ ഗായകസംഘങ്ങൾ അവതരിപ്പിച്ച അനുതാപ ആരാധനയ്ക്കും ക്രിസ്തുമസ് കരോളിനും പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല നേതൃത്വം നല്‍കി. ജാഗരണ പ്രാര്‍ത്ഥനയുടെ ആദ്യഭാഗം വചനവായനയും വിചിന്തനവുമായിരിന്നു. നമ്മുടെ ദേശത്തെക്കുറിച്ചുള്ള എല്ലാ വേദനകളും നമുക്ക് യേശുവിലേക്ക് കൊണ്ടുവരാമെന്നും അങ്ങനെ അവൻ തന്റെ ഇഷ്ടപ്രകാരം അതിനെ നന്മയും കരുണയുമാക്കി മാറ്റുമെന്ന് ​​കർദ്ദിനാൾ പറഞ്ഞു.

ക്രിസ്തുമസ് പുഞ്ചിരിയുടെ നിമിഷമായിരിക്കട്ടെ, കാരണം കർത്താവ് നമ്മോടൊപ്പമുള്ളപ്പോൾ നമുക്ക് ഭയപ്പെടാനൊന്നുമില്ല, ഇത് നമ്മുടെ മുഖത്ത് കാണണമെന്നും ​​കർദ്ദിനാൾ പറഞ്ഞു. ജാഗരണ പ്രാര്‍ത്ഥനയുടെ മുഴുവൻ സമയം കുമ്പസാരത്തിനായി രണ്ട് വൈദികർ ലഭ്യമായിരുന്നു. 1223-ൽ സെന്റ് ഫ്രാൻസിസ് അസീസ്സി ഒരുക്കിയ ആദ്യ പുല്‍കൂടിന്റെ എണ്ണൂറാം വര്‍ഷത്തിന്റെ സ്മരണാര്‍ത്ഥം "ക്രിസ്തുമസ് ഓഫ് ഗ്രീസിയോ" എന്ന വിഷയത്തിൽ ഇടവക വികാരിയായ ഫാ. അംജദ് സബ്ബാര ഹ്രസ്വ പ്രഭാഷണം നടത്തി. എട്ടാം ശതാബ്ദിയോടനുബന്ധിച്ച്, ജെറുസലേമിലെ സെന്റ് സേവ്യർ ഉള്‍പ്പെടെയുള്ള ഫ്രാൻസിസ്കൻ പള്ളികളിലെ പുല്‍ക്കൂടിന് മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്ന വിശ്വാസികൾക്ക് വത്തിക്കാന്‍ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു.


Related Articles »