News

ഭ്രൂണഹത്യയുടെ അന്ത്യത്തിനായി നോമ്പുകാലത്ത് പ്രാര്‍ത്ഥന ക്യാംപെയിനുമായി '40 ഡേയ്‌സ് ഫോർ ലൈഫ്'

പ്രവാചകശബ്ദം 21-02-2024 - Wednesday

ടെക്സാസ്: മാരകപാപമായ ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനായി നോമ്പുകാലത്ത് 40 ദിവസത്തെ പ്രാര്‍ത്ഥനാ ക്യാംപെയിനുമായി പ്രോലൈഫ് സംഘടനയായ 40 ഡേയ്‌സ് ഫോർ ലൈഫ്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അന്താരാഷ്ട്ര ക്യാംപെയിനില്‍ പങ്കുചേരണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച ക്യാംപെയിന്‍ മാർച്ച് 24 ഓശാന ഞായറാഴ്ച വരെ നീളും. 24 മണിക്കൂറും പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവർ ഗർഭഛിദ്രത്തിൻ്റെ ദാരുണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നൽകുകയാണെന്നും ഇത് ഭ്രൂണഹത്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവർക്കു മാനസാന്തരത്തിനുള്ള കാരണമായി മാറുമെന്നും സംഘടനയുടെ നേതൃത്വം ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു.

ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ക്യാംപെയിനില്‍ ഉടനീളം വ്യക്തികളും കുടുംബങ്ങളും ദേവാലയങ്ങളും ഓരോ ദിവസവും ജീവന്റെ സംരക്ഷണത്തിനായി ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരും. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്.

2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ന് 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്. പ്രചാരണത്തിൻ്റെ ഫലമായി 20,000-ത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ 150 ഭ്രൂണഹത്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുവാനും ഭ്രൂണഹത്യ മേഖലയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിന്ന ഇരുനൂറിലധികം തൊഴിലാളികൾ ജോലി ഉപേക്ഷിക്കുവാനും സംഘടനയുടെ പ്രാര്‍ത്ഥനാ ക്യാംപെയിന്‍കൊണ്ട് സാധിച്ചു. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എക്സിക്യുട്ടീവും ഇപ്പോള്‍ പ്രോലൈഫ് വക്താവുമായ അബ്ബി ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Related Articles »