News

നൈജീരിയയില്‍ ക്രിസ്തുമസിന് കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറായി

പ്രവാചകശബ്ദം 28-12-2023 - Thursday

അബൂജ: മധ്യ നൈജീരിയയിലെ വിവിധയിടങ്ങളിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമങ്ങൾ ലക്ഷ്യമാക്കി ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ വാരാന്ത്യ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി. കനത്ത ആയുധങ്ങൾ ഉപയോഗിച്ചായിരിന്നു ആക്രമണമെന്നു പ്ലേറ്റോ ഗവർണർ കാലേബ് മുത്ഫ്വാങ് പറഞ്ഞു. ക്രൈസ്തവരെ കൊന്നൊടുക്കിയതിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക, നൈജീരിയൻ നേതാക്കൾ ആവശ്യപ്പെട്ടു. അക്രമത്തെ അപലപിച്ച വടക്കൻ നൈജീരിയയിലെ സോകോട്ടോ രൂപത ബിഷപ്പ് മാത്യു കുക്കാ, നൈജീരിയൻ ജനതയെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുത്തില്ലെങ്കില്‍ ഭരണകൂടത്തോട് ദൈവമോ ചരിത്രമോ ക്ഷമിക്കില്ലായെന്നും പറഞ്ഞു.



നൈജീരിയക്കാർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് നൈജീരിയ കാത്തലിക് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ബിഷപ്പിന്റെ സന്ദേശത്തില്‍ പറയുന്നു. ക്രിസ്‌തുമസ് ആക്രമണം പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സംഭവമായിരിന്നുവെന്ന് പേപ്പൽ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ സിഎൻഎയോട് പറഞ്ഞു. പ്രാദേശിക വാർത്താ സ്രോതസ്സുകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും കണക്കുകൾ പ്രകാരം, പ്ലേറ്റോ സംസ്ഥാനത്ത് 26 ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിലായി 198 ക്രിസ്ത്യാനികൾ ഭീകരാക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡിസംബർ 23 ന് രാത്രി ആരംഭിച്ച ആക്രമണങ്ങൾ ക്രിസ്തുമസ് ദിനം വരെ തുടർന്നു.

ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്. ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെട്ട രാജ്യവും നൈജീരിയയാണ്.ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്.


Related Articles »