News - 2024

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടപടിക്രമം ഇങ്ങനെ

പ്രവാചകശബ്ദം 08-01-2024 - Monday

കൊച്ചി: സീറോ മലബാര്‍ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സിനഡ് സമ്മേളനം ഇന്നു ആരംഭിക്കുമ്പോള്‍ നടപടിക്രമങ്ങളും ചര്‍ച്ചയാകുന്നു. സിനഡിൽ സംബന്ധിക്കുന്ന 80 വയസിൽ താഴെയുള്ളവർക്കാണ് വോട്ടവകാശം.

സിനഡിന്റെ ഒന്നാം ദിനം പ്രാർത്ഥനയാണ്. രണ്ടാം ദിനം വോട്ടെടുപ്പ് തുടങ്ങും. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് അഞ്ച് തവണവരെ വോട്ടെടുപ്പ് നടക്കും. ഏതെങ്കിലും തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ വോട്ടെടുപ്പ് പ്രക്രിയ അവസാനി ക്കും. അഞ്ചുതവണയും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രണ്ടു തവണവരെ കേവല ഭൂരിപക്ഷത്തിനായി വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ പകുതിയിലും ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടണം.

ഏഴു റൗണ്ടുകളിലും തീരുമാനമായില്ലെങ്കിൽ ഏഴാം റൗണ്ടിൽ കുടുതൽ വോട്ടു കിട്ടിയ രണ്ടുപേരെ സ്ഥാനാർഥികളാക്കി വോട്ടിടും. ഇതിൽ കേവലഭൂരിപക്ഷം കിട്ടുന്നയാളെ തെരഞ്ഞെടുക്കും. സമനില വന്നാൽ ഇവരിൽ ആദ്യം മെത്രാനായയാളെ മേജർ ആർച്ച് ബിഷപ്പായി നിശ്ചയിക്കും. തുടർന്ന് മാർപാപ്പയുടെ സ്ഥിരീകരണത്തിനു സമർപ്പിക്കും. മാർപാപ്പയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകും.


Related Articles »