News - 2024

നിക്കരാഗ്വേൻ ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാന്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ

പ്രവാചകശബ്ദം 09-01-2024 - Tuesday

ജനീവ/മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത സിയൂന രൂപതയുടെ മെത്രാൻ ഇസിദോര മോറ ഒർട്ടേഗയെ പാർപ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് ഉടനടി വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു. 16 ദിവസമായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. വിവരങ്ങൾ മറച്ചുവെച്ച്, മെത്രാനെ അഭിഭാഷകരിൽ നിന്നും കുടുംബത്തിൽ നിന്നും, ഒറ്റപ്പെടുത്തുന്നത് ജീവനും, സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ജനുവരി അഞ്ചാം തീയതി എക്സിൽ കുറിച്ചു.

ഇതുകൂടാതെ ബിഷപ്പ് ഇസിദോര മോറയെ തടവിലാക്കിയതിനെയും, വൈദികരെ അറസ്റ്റ് ചെയ്യുന്നതിനെയും അപലപിച്ചുകൊണ്ട് ഡിസംബർ 28നു പുറത്തിറക്കിയ പ്രസ്താവന എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. ഭരണകൂടം അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമല്ല ഹനിക്കുന്നത്, ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും നെടുംതൂണായ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശം കൂടിയാണ് ഹനിക്കുന്നതെന്ന് സംഘടന അറസ്റ്റിന് പിന്നാലെ പറഞ്ഞിരുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി 26 വർഷം ജയിലിൽ ഇട്ടിരിക്കുന്ന മതഗല്‍പ്പ രൂപതയുടെ മെത്രാൻ റൊളാൺഡോ അൽവാരസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പറഞ്ഞതിന് പിന്നാലെയാണ് ഇസിദോര മോറ അറസ്റ്റ് ചെയ്യപ്പെടുന്നത്. രണ്ട് സെമിനാരി വിദ്യാർത്ഥികളെയും ഇതോടൊപ്പം കാണാതായെന്ന് നിക്കരാഗ്വേൻ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർതാ പട്രീഷ്യ വെളിപ്പെടുത്തിയിരിന്നു. ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടമാണ് നിക്കരാഗ്വേ ഭരിക്കുന്നത്.


Related Articles »