News

ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ പ്രഭാഷണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പക്ക് പ്രത്യേക ക്ഷണം

പ്രവാചകശബ്ദം 13-05-2023 - Saturday

കെയ്റോ: വരുന്ന ജൂണില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ സുരക്ഷാസമിതി യോഗത്തില്‍ ചരിത്രപരമായ പ്രസംഗം നടത്തുവാന്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പക്കും, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് എല്‍-തയ്യേബിനും സുരക്ഷ സമിതിയുടെ പ്രത്യേക ക്ഷണം. “സമാധാനം നിലനിര്‍ത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും മാനുഷിക സാഹോദര്യ മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം” എന്ന പ്രമേയവുമായി ജൂണ്‍ പകുതിയോടെ യു.എന്‍ ആസ്ഥാനത്ത് നടക്കുവാനിരിക്കുന്ന ഉന്നത തല യോഗത്തിന് മുന്‍പായിരിക്കും ഇരു മതനേതാക്കളുടെയും പ്രസംഗമെന്നു അല്‍-മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തിരമായ മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനും, സമാധാനവും, സുരക്ഷയും സ്ഥാപിക്കുവാനായി ഗൗരവമായ നടപടികള്‍ കൈകൊള്ളേണ്ടതിന്റെ ആവശ്യകത സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് എടുത്തുകാട്ടുമെന്നും ക്ഷണത്തില്‍ പറയുന്നു. ഇരു നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമോയെന്നു ഈ മാസത്തിനകം സ്ഥിരീകരിക്കപ്പെടുമെന്നാണ് സൂചന. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഏത് നടപടിയെയും ഇവര്‍ പിന്തുണക്കാറുണ്ടെന്നും അതിനാല്‍ അവരുടെ സാന്നിധ്യം നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാനും, ചുറ്റും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനും സഹായകമായേക്കുമെന്നും യുഎന്‍ അധികൃതര്‍ക്ക് പ്രതീക്ഷയുണ്ട്.

റഷ്യ - യുക്രൈന്‍ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയും, സുഡാനില്‍ യുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു മത നേതാക്കളുടെയും പ്രഭാഷണം ഒരുങ്ങുന്നത്. ഇതാദ്യമായാണ് സുരക്ഷാ സമിതി ഫ്രാന്‍സിസ് പാപ്പ, ഗ്രാന്‍ഡ്‌ ഇമാം അഹമദ് എന്നിവരെപ്പോലെയുള്ള പ്രമുഖ മതനേതാക്കളെ പ്രഭാഷണത്തിന് ക്ഷണിക്കുന്നതെന്നു അറബ്-യൂറോപ്യന്‍ അഫയേഴ്സ് സംബന്ധിച്ച രാഷ്ട്രീയ നിരീക്ഷകനായ മോന്‍സെഫ് സ്ലിമി പറഞ്ഞു. ഇസ്ലാമിന്റെ ഉന്നത ആത്മീയ നേതാക്കളില്‍ ഒരാളായി കരുതപ്പെട്ടു വരുന്ന ഗ്രാന്‍ഡ്‌ ഇമാമിന്റെ 2016-ലെ വത്തിക്കാന്‍ സന്ദര്‍ശനവും, ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയും അല്‍-അസ്ഹര്‍ വത്തിക്കാന്‍ ബന്ധവും ഊഷ്മളമാണ്. അതിനു ശേഷം ഇരു നേതാക്കളും 9 പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2019-ല്‍ മനുഷ്യ സാഹോദര്യം സംബന്ധിച്ച ഒരു രേഖയില്‍ ഇരുനേതാക്കളും ഒപ്പുവെച്ചിരുന്നു.


Related Articles »